ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി: പോക്സോ കേസിൽ 20 വർഷം തടവ്
കുന്നംകുളം: 17 വയസുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ സംഭവത്തിൽ കോട്ടോൽ സ്വദേശിയായ 40 വയസുകാരന് 20 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പഴഞ്ഞി കോട്ടോൽ സ്വദേശി മാധവനെയാണ് (39) കുന്നംകുളം അതിവേഗ പ്രത്യേക പോക്‌സോ കോടതി ജഡ്ജി എസ്.ലിഷ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
2023ലായിരുന്നു സംഭവം. പെൺകുട്ടി താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ചു കയറിയ പ്രതി പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ സഹോദരനെ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയതായി പറയുന്നു. തുടർന്ന് വയറുവേദന അനുഭവപ്പെട്ട കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന് അറിയുന്നത്. ഇതോടെ ഡോക്ടർമാർ കുന്നംകുളം പൊലീസിൽ വിവരമറിയിച്ചു.
തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ.ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തു. 28 സാക്ഷികളെ വിസ്തരിക്കുകയും ശാസ്ത്രീയ തെളിവുകൾ ഹാജരാക്കുകയും ചെയ്തു. പ്രൊസിക്യൂഷനായി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ട് കെ.എസ്.ബിനോയിയും പ്രൊസിക്യൂഷനെ സഹായിക്കാനായി ഗ്രേഡ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ എം.ഗീതയും പ്രവർത്തിച്ചു.