കളരിനാടകം 'ശക്തിരൂപേണ സംസ്ഥിതാ' അവതരിപ്പിച്ചു
തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി അഗസ്ത്യം കളരി ചിട്ടപ്പെടുത്തിയ കളരി പ്രദർശനം 'ശക്തിരൂപേണ സംസ്ഥിത'യുടെ ആദ്യാവതരണം ഇന്നലെ വൈകുന്നേരം 6.30ന് നേമം അഗസ്ത്യം കളരിത്തറയിൽ നടന്നു. കളരിച്ചുവടുകളും ആയോധനമുറകളും അടിസ്ഥാനമാക്കിയാണ് 'ശക്തിരൂപേണ സംസ്ഥിതാ ചിട്ടപ്പെടുത്തിയത്. പശ്ചാത്തല സംഗീതത്തിനു പുറമേ ചൊല്ലുകളും മന്ത്രങ്ങളും വായ്ത്താരികളുമാണ് ആശയ വിനിമയത്തിനുപയോഗിച്ചിരിക്കുന്നത്. സ്ത്രീകളെ ശാരീരികവും മാനസികവുമായി ശക്തരാക്കാൻ അഗസ്ത്യം ആവിഷ്കരിച്ചു നടപ്പാക്കി വരുന്ന ശക്തിയെന്ന പഠന പദ്ധതിയുടെ അടിസ്ഥാന ആശയത്തെ നവരാത്രിയുടെ സത്തയുമായി സംയോജിപ്പിച്ചായിരുന്നു ശക്തിയുടെ ആവിഷ്കാരം. മലയാളികളായ കളരി പഠിതാക്കൾക്കു പുറമേ വിദേശത്തു നിന്നുള്ളവരും പങ്കെടുത്തു.ഗുരുക്കൾ ഡോ എസ് മഹേഷാണ് സംവിധായകൻ.
'ശക്തി' പരിശീലനപദ്ധതിയുടെ രണ്ടാം ഘട്ടത്തിനും വ്യാഴാഴ്ച അഗസ്ത്യത്തിൽ തുടക്കമായി.കേരളത്തിലെ ഏറ്റവും പുരാതനവും തെക്കൻ സമ്പ്രദായത്തിലധിഷ്ഠിതമായി പ്രവർത്തിക്കുന്നതുമായ കളരിയാണ് തിരുവനന്തപുരം നേമത്ത് പ്രവർത്തിക്കുന്ന അഗസ്ത്യം.
2021ലാണ് അഗസ്ത്യത്തിൽ ശക്തി പദ്ധതിക്ക് തുടക്കം കുറിച്ചത്.
തുടർന്നുള്ള മൂന്നര വർഷത്തിലേറെയായി സംസ്ഥാനത്തും രാജ്യത്തെ ഇതര സംസ്ഥാനങ്ങളിലും സ്കൂൾ കോളേജ് തലങ്ങളിലുള്ള പെൺകുട്ടികൾ, വിവിധ തൊഴിൽ മേഖലകളിലെ സ്ത്രീകൾ എന്നിവർക്കായി ഒട്ടേറെ 'ശക്തി'പരിശീലനക്കളരികൾ സംഘടിപ്പിക്കാൻ അഗസ്ത്യത്തിന് കഴിഞ്ഞിട്ടുണ്ട്.
12,000 ത്തിലേറെപ്പേരാണ് ഇതിനകം പരിശീലനം നേടിയത്. കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസമന്ത്രാലയത്തിനു കീഴിലെ ഇന്ത്യൻ നോളജ് സിസ്റ്റത്തിന്റെ അംഗീകാരമുള്ള രാജ്യത്തെ എക കളരി പരിശീലന ഗവേഷണ കേന്ദ്ര വുമാണ് നേമം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അഗസ്ത്യം കളരി.
9847186223