കൈക്കൂലിക്കേസിൽ അകത്തായ ഡിഎംഒയ്‌ക്കെതിരെ വീണ്ടും പരാതി, ഒരുലക്ഷം വിട്ടൊരു കളിയില്ല
തൊടുപുഴ: കൈക്കൂലി കേസിൽ അറസ്റ്റിലായ ജില്ലാ മെഡിക്കൽ ഓഫീസർ എൽ. മനോജിനെയും ഇടനിലക്കാരനും ഡ്രൈവറുമായ രാഹുൽ രാജിനെയും മൂവാറ്റുപുഴ വിജിലൻസ് കോടതി റിമാൻഡ് ചെയ്തു. ഇരുവരെയും സബ് ജയിലിലേക്ക് മാറ്റി.
അതേസമയം ഡി.എം.ഒയ്ക്കെതിരെ ഇന്നലെ മൂന്നാറിൽ നിന്ന് തന്നെ ഒരു പരാതി കൂടി ലഭിച്ചിട്ടുണ്ട്. അതും ഹോട്ടലുടമയിൽ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ടാണ്. കൈക്കൂലി കേസിൽ ബുധനാഴ്ചയാണ് ഇടുക്കി വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ഇടുക്കി യൂണിറ്റ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ചിത്തിരപുരത്തെ ഒരു ഹോട്ടലിന്റെ ഉടമയിൽ നിന്ന് സർട്ടിഫിക്കറ്റിനായി 75,000 കൈപ്പറ്റിയതുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്.
നേരത്തെ ഗുരുതര ആരോപണങ്ങളെ തുടർന്ന് സസ്‌പെൻഷനിലായിരുന്ന ഡി.എം.ഒ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ നിന്ന് സ്റ്റേ വാങ്ങി തിരികെ സർവീസിൽ കയറിയതിന്റെ അന്നാണ് ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായത്. പണം വാങ്ങിയ ഗൂഗിൾ പേ അക്കൗണ്ടിന്റെ ഉടമയാണ് റിമാൻഡിലായ രാഹുൽ രാജ്. ഇയാളെ കോട്ടയം അമ്മഞ്ചേരിയിൽ നിന്നാണ് പിടികൂടിയത്. കോട്ടയത്തെ മറ്റൊരു സർക്കാർ ഡോക്ടറുടെ ഡ്രൈവറാണ് രാഹുൽരാജ്.
സസ്പെൻഷനെതിരെ ഡോക്ടർ മനോജ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. തന്റെ വിശദീകരണം കേൾക്കാതെയും മതിയായ അന്വേഷണം നടത്താതെയുമാണ് സസ്പെൻഡുചെയ്തതെന്നായിരുന്നു മനോജിന്റെ വാദം. ഇതിനെത്തുടർന്ന് സസ്പെൻഷൻ കുറച്ചിദിവസത്തേക്ക് മരവിപ്പിക്കുകയായിരുന്നു. തുടർന്നാണ് ജോലിയിൽ തിരികെ കയറിയത്.