തിരുമാറാടിയിൽ മോഷണ പരമ്പര

Saturday 12 October 2024 1:17 AM IST

തിരുമാറാടി: തിരുമാറാടി മേഖലയിൽ വ്യാപകമായി നടക്കുന്ന മോഷണങ്ങളിൽ വലഞ്ഞ് നാട്ടുകാർ. കഴിഞ്ഞ ബുധനാഴ്ച രാത്രി വെട്ടിമൂട് മഞ്ഞക്കടമ്പിൽ ബെൻസ് പി. മാർക്കോസിന്റെ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന 70 ഓളം റബ്ബർഷീറ്റ് മോഷണം പോയി. സമീപത്തെ വീട്ടിലെ ഷിബുവിന്റെ വാഹനത്തിലെ പെട്രോളും മോഷണം പോയിരുന്നു. ഏതാനും ദിവസങ്ങൾക്കു മുമ്പ് സമീപത്തുള്ള വീടുകളിൽ സമാന മോഷണ സംഭവങ്ങൾ നടന്നിരുന്നു. കൂടാതെ തിരുമാറാടിയിലെ നാലു കടകളിൽനിന്ന് പണവും മോഷ്ടിച്ചിരുന്നു.

വ്യാപകമായി മോഷണം നടന്നിട്ടും ഇതുവരെ പോലീസിന് കുറ്റവാളികളെ കണ്ടെത്താൻ സാധിച്ചിട്ടില്ലയെന്നും അന്വേഷണം ഊർജിതമല്ലെയെന്നും വ്യാപാരി സംഘടന പ്രതിനിധികൾ ആരോപിച്ചു. കൂത്താട്ടുകുളം സ്റ്റേഷൻ പരിധിയിലുള്ള തിരുമാറാടി ഭാഗത്ത പട്രോളിംഗ് ശക്തമാക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സന്ധ്യാമോൾ പ്രകാശും ആവശ്യപ്പെട്ടു.

അന്വേഷണം ശക്തമാണ്. കഴിഞ്ഞ ദിവസങ്ങളിലെ മോഷണങ്ങളോട് സമാനമായ മോഷണങ്ങൾ സമീപ ജില്ലകളിൽ നടന്നിരുന്നു. അവർ തന്നെയാണ് ഇതിന് പിന്നിലെന്നാണ് സൂചന. കഴിഞ്ഞ ദിവസം വടക്കൻ പാലക്കുഴ വട്ടക്കാവിൽ പി.ടി. തോമസിന്റെ പുരയിടത്തിൽ നിന്നും 250 കിലോയോളം ഒട്ടുപാൽ മോഷ്ടിച്ച പ്രതികളെ അന്നേ ദിവസം തന്നെ പിടികൂടിയിരുന്നു.

വിൻസെന്റ് ജോസഫ്

എസ്.എച്ച്.ഒ

കൂത്താട്ടുകുളം സ്റ്റേഷൻ