വാട്ടർ മീറ്റർ മോഷ്ടാക്കളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും

Saturday 12 October 2024 1:45 AM IST

കല്ലമ്പലം: കല്ലമ്പലം, നാവായിക്കുളം, പാരിപ്പള്ളി മേഖലകളിൽ വ്യാപകമായി വാട്ടർ മീറ്റർ മോഷണം നടത്തിയ പ്രതികളെ കല്ലമ്പലം പൊലീസ് കസ്റ്റഡിയിൽ വാങ്ങും. പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ വാളത്തുംഗൽ പുത്തൻചന്ത കരാളി തൊടിയിൽ വീട്ടിൽ സബീർ (36), കല്ലമ്പലം മാവിൻമൂട് കുന്നുവിള പുത്തൻവീട്ടിൽ മഞ്ചേഷ് (27), തമിഴ്‌നാട് തൂത്തുക്കുടി കോവിൽപ്പെട്ടി സാൽപേരി ഈസ്റ്റ് സ്ട്രീറ്റിൽ ബാബു (കാന്തയ്യ 33) എന്നിവരെയാണ് അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിൽ വാങ്ങുന്നത്. ചാത്തന്നൂർ, ചിറക്കര, കല്ലുവാതുക്കൽ പഞ്ചായത്തുകളിലെയും കല്ലമ്പലം, നാവായിക്കുളം, ആശാരിക്കോണം, ചിറ്റായിക്കോട്, ശിവപുരം, വടക്കേവയൽ, വൈരമല അയിരൂർ ഭാഗങ്ങളിൽ നിന്നുമായി നൂറുകണക്കിന് വാട്ടർ മീറ്ററുകളാണ് ഇവർ കവർന്നത്. ചാവർകോട് ഭാഗത്തെ ആക്രിക്കടയിലായിരുന്നു മീറ്ററുകൾ എത്തിച്ചിരുന്നത്. മീറ്റർ തകർത്ത് അതിനുള്ളിലെ പിച്ചളയും ഈയവുമെടുത്ത് വില്പന നടത്തിവരികയാണിവരെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം കല്ലുവാതുക്കൽ പഞ്ചായത്തിലെ പുലിക്കുഴി, കോട്ടയ്ക്കേറം പ്രദേശങ്ങളിൽ ഇരുപതോളം വീടുകളിൽ നിന്ന് മീറ്ററുകൾ മോഷണം പോയിരുന്നു. പാരിപ്പള്ളി പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കിഴക്കനേല ഭാഗത്തുനിന്നും പ്രതികളെ പിടികൂടുകയായിരുന്നു.

റിമാൻഡിലായ പ്രതികൾ