സാങ്കേതിക തകരാർ , രണ്ടര മണിക്കൂർ വട്ടമിട്ട വിമാനം ട്രിച്ചിയിൽ തിരിച്ചിറക്കി

Saturday 12 October 2024 4:05 AM IST

ചെന്നൈ: 141 യാത്രക്കാരുമായി ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് രണ്ടര മണിക്കൂറിനു ശേഷം ട്രിച്ചിയിൽ തിരിച്ചിറക്കി. യാത്രക്കാർ സുരക്ഷിതരാണ്. വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിനാണ് പ്രശ്നം നേരിട്ടത്. ടോക്ക് ഓഫിന് പിന്നാലെ ലാൻഡിംഗ് ഗിയർ ഉൾവലിയാതിരുന്നതാണ് കാരണം.

ഇന്നലെ വൈകിട്ട് 5.40ന് ട്രിച്ചിയിൽ നിന്ന് ടേക്ക് ഓഫ് ചെയ്തതിനു പിന്നാലെ സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് എയർ ട്രാഫിക് കൺട്രോളിനെ അറിയിച്ച ശേഷം രണ്ടര മണിക്കൂറിലേറെ ആകാശത്ത് വട്ടമിട്ട് പറന്ന് ഇന്ധനം കളഞ്ഞു. രാത്രി 8.14നാണ് തിരിച്ചിറക്കിയത്.

വിമാനം അപകടകരമായി ലാൻഡ് ചെയ്തേക്കുമെന്ന് ആശങ്ക സൃഷ്ടിച്ചിരുന്നു. ട്രിച്ചി വിമാനത്താവളത്തിൽ ജാഗ്രതാനിർദേശം പുറപ്പെടുവിച്ച അധികൃതർ ആംബുലൻസുകൾ,​ അഗ്നിശമന യൂണിറ്റുകൾ,​ മെഡിക്കൽ ടീം,​ രക്ഷാപ്രവർത്തകർ എന്നിവരെ സജ്ജമാക്കി. എന്നാൽ സാധാരണഗതിയിൽത്തന്നെ വിമാനം നിലത്തിറക്കാനായത് ആശ്വാസമായി. സംഭവത്തിൽ ഡി.ജി.സി.എ അന്വേഷണം ആരംഭിച്ചു.

രാത്രി 8.20ന് വിമാനം ഷാർജയിൽ എത്തേണ്ടതായിരുന്നു. ട്രിച്ചിയിൽ തന്നെ വട്ടമിട്ട് പറക്കുകയാണെന്ന വിവരം ഒന്നര മണിക്കൂറോളം തങ്ങൾ അറിഞ്ഞില്ലെന്ന് യാത്രികരിൽ ഒരാളായ തമിഴ്നാട് സ്വദേശി പ്രതികരിച്ചു.