ഇൻഡിഗോയിൽ  ലൈംഗികാതിക്രമം; 43കാരൻ അറസ്റ്റിൽ

Saturday 12 October 2024 12:57 AM IST

ചെന്നൈ: ഡൽഹി- ചെന്നൈ ഇൻഡിഗോ വിമാനത്തിൽ സഹയാത്രികയോട് ലൈംഗികാതിക്രമം നടത്തിയ 43 കാരൻ അറസ്റ്റിൽ. മുന്നിലെ സീറ്റിലിരുന്ന സ്ത്രീയെ ദുരുദ്ദേശ്യത്തോടെ സ്പർശിച്ചെന്നാണ് കേസ്. സെയിൽസ് എക്സിക്യൂട്ടീവായ രാജേഷ് ശർമ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. രാജസ്ഥാൻ സ്വദേശിയായ ഇയാൾ വർഷങ്ങളായി ചെന്നൈയിലാണ് താമസം. ചെന്നൈയിൽ വിമാനം ലാൻഡ് ചെയ്തതിനു പിന്നാലെ യുവതി പൊലീസ് സ്റ്റേഷനിലെത്തി രാജേഷിനെതിരെ പരാതി നൽകുകയായിരുന്നു. ഇൻഡിഗോ പ്രതികരിച്ചിട്ടില്ല.

വിൻഡോ സീറ്റിലാണ് യുവതി ഇരുന്നതെന്ന് ചെന്നൈ പൊലീസ് അറിയിച്ചു. പിറകിലിരുന്ന രാജേഷ് യാത്രക്കാരിയെ സ്പർശിച്ചു. യുവതി ക്യാബിൻ ക്രൂവനോട് പരാതിപ്പെട്ടു. വിമാനം ചെന്നൈയിൽ ഇറങ്ങിയപ്പോൾ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രാജേഷിനെ അറസ്റ്റ് ചെയ്‌തു എന്നും പറഞ്ഞു.