അകമല റെയിൽവേ മേൽപ്പാലം പുനർ നിർമ്മിക്കും

Saturday 12 October 2024 12:17 AM IST

വടക്കാഞ്ചേരി : സംസ്ഥാനപാതയിൽ നിരന്തര അപകട മേഖലയായ അകമല റെയിൽവേ മേൽപ്പാലം പുനർനിർമ്മാണം യാഥാർത്ഥ്യത്തിലേയ്ക്ക്. പദ്ധതിക്ക് രണ്ട് കോടി 80 ലക്ഷം രൂപയുടെ അനുവദിച്ചു. സംസ്ഥാനപാതയോട് സമാനമായി വീതി കൂട്ടിയശേഷം നടപ്പാതയും നിർമ്മിക്കും. സംസ്ഥാനപാത ഒട്ടേറെ തവണ വീതി കൂട്ടി നവീകരിച്ചെങ്കിലും റെയിൽവേ മേൽപ്പാലം നവീകരണം നടന്നില്ല. ഇതോടെ പാലം പരിസരത്തെ സംസ്ഥാനപാത കുപ്പികഴുത്തായി അപകടങ്ങൾ നിത്യ സംഭവമായി.
മുള്ളൂർക്കര പഞ്ചായത്തിലെ വാഴക്കോടിനും വടക്കാഞ്ചേരി നഗരസഭയിലെ അകമലക്കും ഇടയിലാണ് റെയിൽവേ മേൽപ്പാലം.
കെ. രാധാകൃഷ്ണൻ എം.പി.യുടെ നിരന്തര ഇടപെടലിനെ തുടർന്നാണ് നടപടി. പുനർനിർമാണം തുടങ്ങുന്നതോടെ സംസ്ഥാനപാതക്ക് സമാന്തരമായി ബദൽ റോഡ് നിർമ്മിച്ച് ഗതാഗതം തിരിച്ചു വിടാനാൻ റെയിൽവേയുടെ അനുമതി ലഭ്യമാക്കാൻ നടപടികൾ സ്വീകരിച്ചതായി എം.പി.അറിയിച്ചു.


പ്രതീക്ഷയിൽ അകമല


അകമല റെയിൽവേ മേൽപ്പാലത്തിലെ കുപ്പികഴുത്ത് ഒഴിവാകുന്നതോടെ അപകടങ്ങളും ദുരന്തങ്ങളും ഒഴിയുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ. പാലം കഴിഞ്ഞാൽ കുത്തനെ ഇറക്കമാണ്. റോഡിന് മിനുസമായ പ്രതലമായതിനാൽ വേഗതയിലെത്തുന്ന വാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോൾ നിയന്ത്രണം നഷ്ടമായി താഴേക്ക് പതിക്കുന്നത് നിത്യസംഭവമാണെന്ന് നാട്ടുകാർ പറയുന്നു. മേൽപ്പാലത്തിന് വീതി കൂടിയാൽ ദൂരക്കാഴ്ച ലഭിക്കുമെന്നും പാതയുടെ അശാസ്ത്രീയത നീങ്ങുമെന്നും നാട്ടുകാർ പറയുന്നു.

Advertisement
Advertisement