സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നിൽ, ഹാജരാകുന്നത് രണ്ടാം തവണ

Saturday 12 October 2024 11:38 AM IST

തിരുവനന്തപുരം: നടന്‍ സിദ്ദിഖ് ലൈംഗിക പീഡനക്കേസില്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി. രണ്ടാം തവണയാണ് സിദ്ദിഖ് പൊലീസിന് മുന്നില്‍ ഹാജരാകുന്നത്. തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനിലാണ് ചോദ്യംചെയ്യലിന് സിദ്ദിഖ് ഹാജരായിരിക്കുന്നത്.

യുവനടിയുടെ പരാതിയിലാണ് സിദ്ദിഖിനെതിരെ ബലാത്സംഗത്തിന് കേസെടുത്തിരിക്കുന്നത്. സിനിമാ ചർച്ചയ്ക്കായി മാസ്‌കോട്ട് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പൂട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് യുവനടിയുടെ പരാതി. പരാതിക്കാരിയുടെ വിശദമൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

പ്ലസ്ടുക്കാലത്ത് സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട സിദ്ദിഖ്, നിളാ തിയേറ്ററിലെ ഒരു ചിത്രത്തിന്റെ പ്രിവ്യൂ ഷോ കഴിഞ്ഞ് സിനിമാ ചർച്ചയ്ക്കായി മാസ്കോട്ട് ഹോട്ടലിലേക്ക് ക്ഷണിച്ചെന്നാണ് മൊഴി നൽകിയിരിക്കുന്നത്. ഈ സമയം മാതാപിതാക്കൾ ഒപ്പമുണ്ടായിരുന്നു. പിന്നീട് ഹോട്ടലിലെത്തിയ തന്നെ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു. അവിടെ നിന്ന് ഒരുവിധത്തിൽ രക്ഷപ്പെടുകയായിരുന്നുവെന്നും പരാതിക്കാരി ആരോപിച്ചിരുന്നു.

പരാതിക്കാരിയെ തിരുവനന്തപുരത്ത് വച്ച് കണ്ടിരുന്നതായി സിദ്ദിഖ് തന്നെ സമ്മതിച്ചിട്ടുണ്ട്. സുപ്രീംകോടതി രണ്ടാഴ്ച്ചത്തേക്ക് നടന്റെ അറസ്റ്റ് തടഞ്ഞിരുന്നു. ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതോടെ ഒളിവിൽ പോയ സിദ്ദിഖ്, സുപ്രീംകോടതി അറസ്റ്റ് താത്ക്കാലികമായി തടഞ്ഞതോടെയാണ് പുറത്തിറങ്ങിയത്.

സുപ്രീം കോടതിയില്‍ നിന്ന് ഇടക്കാല ജാമ്യം നേടിയതിനുശേഷം കഴിഞ്ഞ തിങ്കളാഴ്ച സിദ്ദിഖിനെ അന്വേഷണസംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. എന്നാല്‍, പൊലീസ് ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കാത്തതിനാല്‍ ചോദ്യം ചെയ്യാതെ വിട്ടയച്ചു. ആവശ്യപ്പെട്ട രേഖകളുമായി ഇന്ന് ഹാജരാകണമെന്ന് നോട്ടീസ് നല്‍കിയാണ് അന്വേഷണസംഘം അന്ന് വിട്ടയച്ചത്. ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായാൽ സിദ്ദിഖിന്റെ അറസ്‌റ്റുണ്ടാകാൻ സാദ്ധ്യതയുണ്ട്.