ഷാരൂഖും സൽമാനും തമ്മിൽ വാക്കേറ്റം ഉണ്ടാകാൻ കാരണം ഈ നടി; അഞ്ച് വർഷത്തെ പിണക്കം അവസാനിച്ചത് ഇങ്ങനെ
മുംബയ്: ബോളിവുഡ് താരം സൽമാൻ ഖാനോടുള്ള ലോറൻസ് ബിഷ്ണോയി സംഘത്തിന്റെ വൈരാഗ്യമാണ് മഹാരാഷ്ട്ര മുൻ മന്ത്രിയും എൻ.സി.പി നേതാവുമായ ബാബ സിദ്ധിഖിയുടെ കൊലപാതകത്തിൽ കലാശിച്ചത്. സിദ്ധിഖിയുടെ കൊലപാതകത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ് ബിഷ്‌ണോയ്‌യും സംഘവും രംഗത്തുവന്നിരുന്നു.
ബോളിവുഡ് താരം സൽമാൻ ഖാനുമായുള്ള അടുപ്പവും ദാവൂദ് ഇബ്രാഹിം പോലുള്ള അധോലോക നായകന്മാരുമായുള്ള സിദ്ധിഖിയുടെ ബന്ധവുമാണ് അദ്ദേഹത്തെ ലക്ഷ്യം വയ്ക്കാൻ കാരണമെന്ന് ബിഷ്‌ണോയ് സംഘാംഗം പങ്കുവച്ച ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. മകനും ബാന്ദ്രയിലെ സിറ്റിംഗ് എംഎല്‍എയുമായ സീഷിന്റെ ഓഫീസിന് മുന്നിൽ ഇന്നലെ വൈകുന്നേരമാണ് സിദ്ധിഖിക്ക് വെടിയേറ്റത്. രാഷ്ട്രീയത്തിന് ഒപ്പം ബോളിവുഡിൽ വളരെ ആഴത്തിലുള്ള ബന്ധങ്ങളുള്ള വ്യക്തിയായിരുന്നു സിദ്ധിഖി.
ബോളിവുഡ് താരങ്ങളടക്കം പങ്കെടുക്കുന്ന ഇഫ്താർ പാർട്ടികളുൾപ്പെടെ സിദ്ധിഖി സംഘടിപ്പിച്ചിരുന്നു. അങ്ങനെ 'ബാന്ദ്ര ബോയ്' എന്ന പേരും ലഭിച്ചു. സൂപ്പർസ്റ്റാറുകളായ സൽമാൻ ഖാനും ഷാരൂഖ് ഖാനും തമ്മിൽ വർഷങ്ങളായുണ്ടായിരുന്ന പിണക്കം ഇല്ലാതാക്കിയത് ബാബ സിദ്ധിഖിയുടെ ഇടപെടലിലൂടെയാണ്. അഞ്ചു വർഷം നീണ്ട പിണക്കമാണ് ഒരു ഇഫ്താർ പാർട്ടിയിലൂടെ സിദ്ധിഖി ഇല്ലാതാക്കിയത്.
2008ലാണ് ഇരുവരും തമ്മിൽ പിണക്കത്തിലാകുന്നത്. ജൂലായ് 17ന് കത്രീന കൈഫിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് നടന്ന പാർട്ടിയിൽ വച്ച് സൽമാന്റെ മുൻ കാമുകിയായിരുന്ന ഐശ്വര്യ റായിയെക്കുറിച്ച് ഷാരൂഖ് നടത്തിയ പരാമർശം വൻ വാക്കേറ്റത്തിൽ കലാശിക്കുകയായിരുന്നു. അതിനുശേഷം ഇരുവരും തമ്മിൽ അകൽച്ചയിലാകുകയും പരിപാടികളിൽ പോലും ഒരുമിച്ച് വരാതാകുകയും ചെയ്‌തു. അഞ്ച് വർഷത്തോളം ആ പിണക്കം നീണ്ടു. 2013ൽ ബാബ സിദ്ധിഖിയുടെ പദ്ധതിയിലൂടെയാണ് ഇരുവരും പിണക്കം മറന്ന് സംസാരിക്കുന്നത്. സിദ്ധിഖി നടത്തിയ ഇഫ്‌താർ വിരുന്നിൽ സൽമാൻ ഖാന്റെ പിതാവായ സലിം ഖാന്റെ സമീപത്താണ് ഷാരൂഖ് ഖാന് ഇരിപ്പിടം ഒരുക്കിയത്.
അതിലൂടെ സൽമാനും ഷാരൂഖും നേരിട്ടു കാണുകയെന്നതായിരുന്നു സിദ്ധിഖിയുടെ പദ്ധതി. പരസ്പരം കണ്ടതോടെ താരങ്ങൾ ആലിംഗനം ചെയ്യുകയും പിണക്കം അവസാനിപ്പിക്കുകയും ചെയ്തു. ഇത്തരത്തിൽ മഹാരാഷ്ട്ര രാഷ്ട്രീയത്തിലും സിനിമാ മേഖലയിലും അദ്ദേഹത്തിന് വലിയ സ്വാധീനമാണുണ്ടായിരുന്നത്. ബാബ സിദ്ധിഖി കൊല്ലപ്പെട്ടെന്ന വാർത്ത കേട്ട് ബോളിവുഡിലെ പ്രമുഖർ ആശുപത്രിയിലേക്ക് ഓടിയെത്തി. ബിഗ് ബോസ് ഷൂട്ടിംഗ് നിറുത്തിവച്ചാണ് സൽമാൻ ഖാൻ എത്തിയത്. നടി ശിൽപ ഷെട്ടി പൊട്ടിക്കരഞ്ഞുകൊണ്ടാണ് ആശുപത്രിയിൽ നിന്നിറങ്ങിയത്.