സ്പേസ് എക്സ്‌ വിസ്മയം വീണ്ടും --- നിലം തൊടുംമുമ്പേ 'റോക്കറ്റി'നെ കെട്ടിപ്പിടിച്ച് മസ്‌ക്

Monday 14 October 2024 7:41 AM IST

ന്യൂയോർക്ക്: സ്പേ‌സ് എക്സിന്റെ വിക്ഷേപണ ടവറിന്റെ യന്ത്രക്കൈകൾ ലാൻഡ്ചെയ്‌ത റോക്കറ്റ് ബൂസ്റ്ററിനെ നിലം തൊടും മുമ്പ് പിടിച്ചെടുത്ത് ബഹിരാകാശ സാങ്കേതിക വിദ്യയിൽ വീണ്ടും ചരിത്രമെഴുതി. സ്​റ്റാർഷിപ്പ് മെഗാ റോക്കറ്റിന്റെ ആദ്യഘട്ടമായ 'സൂപ്പർ ഹെവി " ബൂസ്​റ്ററിന്റെ പരീക്ഷണ വിക്ഷേപണത്തിലാണ് ബഹിരാകാശ എൻജിനിയറിംഗിലെ വിസ്മയ നേട്ടം. സൂചിയിൽ നൂല് കോർക്കുന്ന കൃത്യതയോടെയാണ് ബൂസ്റ്ററിനെ ലോഞ്ച് പാഡിലെ യന്ത്രക്കൈകൾ ആലിംഗനം ചെയ്യുന്നതുപോലെ പിടിച്ചെടുത്തത്. പുനരുപയോഗിക്കാവുന്ന റോക്കറ്റുകൾ പരീക്ഷിക്കുന്ന ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ സ്പേ‌സ് എക്സിന് ഇത് വൻ നേട്ടമായി. ഈ യന്ത്രക്കൈകൾക്ക് 'മെക്കാസില്ല' എന്നാണ് മസ്‌ക് തന്നെ പേരിട്ടത്. ബൂസ്റ്ററിനെ പിടിച്ചെടുക്കുന്ന സാങ്കേതിക പ്രക്രിയയ്ക്ക് ചോപ്സ്റ്റിക് മാന്വറിംഗ് എന്നും പേരിട്ടു.

ലോകത്തെ ഏ​റ്റവും ശക്തമായ റോക്ക​റ്റായ സ്​റ്റാർഷിപ്പിന്റെ അഞ്ചാം പരീക്ഷണമായിരുന്നു ഇത്.

ടെക്‌സസിലെ ബോക ചികയിലെ സ്റ്റാർ ബേസിൽ ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് 5.55നായിരുന്നു വിക്ഷേപണം.സ്റ്റാർഷിപ്പ് റോക്കറ്റിന് രണ്ട് ഘട്ടങ്ങളും ചേർന്ന് 397അടിയാണ് ഉയരം. സൂപ്പർ ഹെവി ബൂസ്റ്റർ 233 അടിയാണ്. വിക്ഷേപണത്തിന് പിന്നാലെ 70 കിലോമീറ്റർ ഉയരത്തിൽ വേർപെട്ട സൂപ്പർ ഹെവി ബൂസ്റ്റർ വിക്ഷേപണത്തറയിലും അപ്പർസ്റ്റേജ് ഇന്ത്യൻ സമുദ്രത്തിലുമാണ് ഇറക്കിയത്.

വിക്ഷേപണം നടന്ന് 7 മിനിറ്റിന് ശേഷമായിരുന്നു ബൂസ്റ്ററിന്റെ ലാൻഡിംഗ്. തിരിച്ചിറങ്ങലിന്റെ വേഗത കുറയ്ക്കാൻ 33 റാപ്റ്റർ എൻജിനുകളിൽ മൂന്നെണ്ണം ബൂസ്‌റ്റർ ജ്വലിപ്പിച്ചിരുന്നു. 400 മീറ്ററിലേറെ ഉയരമുള്ള ലോഞ്ച് പാഡ് ടവറിന് മുകളിലെ രണ്ട് ഭീമൻ ലോഹക്കൈകൾ ബൂസ്റ്ററിനെ താങ്ങി നിറുത്തി.ആദ്യ മൂന്ന് പരീക്ഷണങ്ങളിൽ ബൂസ്റ്റർ പൊട്ടിത്തെറിച്ചിരുന്നു. നാലാം പരീക്ഷണത്തിൽ സ്റ്റാർഷിപ്പിൽ നിന്ന് വേർപെട്ട ബൂസ്റ്റർ മെക്സിക്കോ ഉൾക്കടലിലും പതിച്ചു.

# സൂപ്പർ സ്റ്റാർഷിപ്പ്

 ഭാവിയിൽ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും സാദ്ധ്യമെങ്കിൽ അതിനപ്പുറത്തേക്കും മനുഷ്യരെ എത്തിക്കുക ലക്ഷ്യം

 ഭൂമിയുടെ വിവിധ കോണുകളിലേക്കുള്ള യാത്രയും സാദ്ധ്യമായേക്കും

 2017ൽ ഇലോൺ മസ്ക് അവതരിപ്പിച്ചു

 പൂർണമായും പുനരുപയോഗിക്കാവുന്ന ലോകത്തെ ആദ്യ റോക്കറ്റ്

അര നൂറ്റാണ്ടിന് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ആർട്ടെമിസ് - 3 മിഷനിൽ സ്റ്റാർഷിപ്പിനെ ഉപയോഗിച്ചേക്കും

നിർമ്മിക്കപ്പെട്ടതിൽ ഏറ്റവും ഉയരമേറിയ വിക്ഷേപണ വാഹനം

 ആകെ ഉയരം - 397 അടി

 ഭാരം - 5,000 ടൺ

 പരമാവധി 100 പേരെ വഹിക്കും