ഗോശാല വൃത്തിയാക്കി അവിടെ കിടന്നാൽ ക്യാൻസർ മാറും; പശുവിന്റെ പുറത്ത് തലോടിയാലും ഗുണമുണ്ടെന്ന് യുപി മന്ത്രി

Monday 14 October 2024 10:10 AM IST

ലക്‌നൗ: ഗോശാല വൃത്തിയാക്കി അതിൽ കിടന്നാൽ ക്യാൻസർ മാറുമെന്ന് ഉത്തർപ്രദേശ് മന്ത്രി സഞ്ജയ് സിംഗ് ഗംഗ്വാർ. പശുവിന്റെ പുറത്ത് തലോടുന്നത് രക്തസമ്മർദ്ദം കുറയ്ക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉത്തർപ്രദേശിലെ നൗഗാവ പക്കാഡിയയിൽ കന്ഹ ഗോശാലയുടെ ഉദ്ഘാടന ചടങ്ങിനിടെയാണ് മന്ത്രിയുടെ വിചിത്ര പ്രസ്താവന.

ദിവസം രണ്ട് തവണ പശുവിന്റെ പുറത്ത് തടവിയാൽ പത്ത് ദിവസത്തിനുള്ള മരുന്നിന്റെ ഡോസ് പകുതിയായി കുറയ്ക്കാനാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഉണക്ക ചാണകം കത്തിക്കുന്നത് കൊതുകുകളെ തുരത്താൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'രക്ത സമ്മർദ്ദമുള്ള രോഗികളേ, ഇവിടെ പശുക്കൾ ഉണ്ട്. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും പശുവിന്റെ പുറത്ത് തലോടുക. രക്തസമ്മർദ്ദത്തിനുള്ള 20 മില്ലിഗ്രാം മരുന്നാണ് കഴിക്കുന്നതെങ്കിൽ പത്ത് ദിവസത്തിനുള്ളിൽ അത് പകുതിയായി കുറയും,' ഗാംഗ്വാർ പറഞ്ഞു.


'ക്യാൻസർ രോഗികൾ ഗോശാല വൃത്തിയാക്കി അവിടെ കിടന്നോളൂ. ക്യാൻസർ ഭേദമാകും. ഉണക്കിയ ചാണകം കത്തിക്കുന്നത് കൊതുകിനെ അകറ്റാൻ സഹായിക്കും. പശു ഉത്പാദിപ്പിക്കുന്ന എല്ലാം ഉപയോഗപ്രദമാണ്.'- മന്ത്രി പറഞ്ഞു.

തങ്ങളുടെ വയലുകളിൽ കയറുന്ന കന്നുകാലികളെക്കുറിച്ചുള്ള കർഷകരുടെ ആശങ്കയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പശുക്കളോടുള്ള ബഹുമാനക്കുറവാണ് പ്രശ്നത്തിന് കാരണമായതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. വിവാഹ വാർഷികവും കുട്ടികളുടെ ജന്മദിനവുമൊക്കെ പശു സംരക്ഷണ കേന്ദ്രങ്ങളിൽ ആഘോഷിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.