ഗൾഫിലേക്കുളള രണ്ട് ഇൻഡിഗോ വിമാനങ്ങളിൽ ബോംബ് ഭീഷണി, പരിശോധന തുടരുന്നു

Monday 14 October 2024 11:28 AM IST

മുംബയ്: ഗൾഫിലേക്ക് പുറപ്പെടാനൊരുങ്ങിയ രണ്ട് ഇൻഡിഗോ വിമാനങ്ങളിൽ ബോംബ് ഭീഷണി. മുംബയ് വിമാനത്താവളത്തിൽ നിന്ന് മസ്‌ക​റ്റിലേക്ക് യാത്ര തിരിക്കേണ്ടിയിരുന്ന 6ഇ 1275 വിമാനത്തിനും ജിദ്ദയിലേക്ക് പോകേണ്ടിയിരുന്ന 6ഇ 56 വിമാനത്തിലുമാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് ഇൻഡിഗോയുടെ വക്താവ് അറിയിച്ചു. രണ്ട് വിമാനങ്ങളും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാ​റ്റി ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിച്ച് വരികയാണെന്നും അധികൃതർ വ്യക്തമാക്കി.

ഏതാനും മണിക്കൂറുകൾക്ക് മുൻപാണ് മുംബയിൽ നിന്ന് ന്യൂയോർക്കിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ വിമാനത്തിലും ബോംബ് ഭീഷണി ഉണ്ടായത്. ഇതോടെ വിമാനം ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡിംഗ് ചെയ്യുകയായിരുന്നു. യാത്രക്കാർ സുരക്ഷിതരാണെന്നും കൂടുതൽ പരിശോധനകൾ നടന്നുവരികയാണെന്നും അധികൃതർ അറിയിച്ചിരുന്നു.

മുംബയിലെ ഛത്രപതി ശിവജി വിമാനത്താവളത്തിൽ നിന്ന് ഇന്ന് പുലർച്ചെ രണ്ട് മണിയോടുകൂടിയാണ് വിമാനം പുറപ്പെട്ടത്. വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് ബോംബ് ഭീഷണിയുണ്ടെന്ന സന്ദേശം ലഭിച്ചത്. ഇതോടെ വിമാനം അടിന്തരമായി ഡൽഹിയിൽ ഇറക്കുകയായിരുന്നു. വിമാനത്തിൽ 239 യാത്രികരുണ്ടായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. എക്സിലെ ഒരു പോസ്​റ്റിലൂടെയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ എല്ലാവിധ നടപടികളും പാലിക്കുന്നുണ്ടെന്ന് എയർഇന്ത്യയുടെ വക്താവ് അറിയിച്ചു.