ബെെക്കില്ലാത്ത കൂട്ടുകാരന് നൽകാൻ ലക്ഷങ്ങൾ വിലയുള്ള ബെെക്ക് മോഷ്ടിച്ചു; രണ്ടുപേർ പിടിയിൽ

Monday 14 October 2024 11:35 AM IST

കൊച്ചി: കൂട്ടുകാരന് വേണ്ടി നാല് ലക്ഷം രൂപയുടെ ബെെക്ക് മോഷ്‌ടിച്ച പ്രതികൾ പിടിയിൽ. കൊല്ലം സ്വദേശി സാവിയോ ബാബു, കൊടുങ്ങല്ലൂർ സ്വദേശി ചാൾസ് എന്നിവരെയാണ് എളമക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊല്ലത്ത് നിന്നാണ് മോഷ്ടാക്കളെ പൊലീസ് പിടിക്കൂടിയത്.

കൂട്ടുകാരന് സ്വന്തമായി ബെെക്ക് ഇല്ലാത്തതിനാൽ സമ്മാനമായി നൽകാനാണ് ഇരുവരും അഡംബര ബെെക്ക് മോഷ്ടിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച കൊച്ചി ഇടപ്പള്ളിയിലെ മാളിന് മുന്നിലെ പാർക്കിംഗിൽ നിന്നാണ് പ്രതികൾ ബെെക്ക് മോഷ്ടിച്ചത്. റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650 എന്ന ബെെക്കാണ് ഇരുവരും ചേർന്ന് മാളിൽ നിന്ന് അടിച്ചെടുത്തത്. പിന്നാലെ ബെെക്കിന്റെ ഉടമ പൊലീസിൽ പരാതി നൽകുകയായിരുന്നു.

പ്രതികൾ ബെെക്ക് മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. മോഷ്ടിച്ച ബെെക്ക് എറണാകുളത്തുള്ള ഒരു വീട്ടിൽ ഇവരെത്തിച്ചു. ഈ വീട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കൾ പിടിയിലായത്. സംഭവത്തിൽ വിശദമായ ചോദ്യം ചെയ്യൽ നടന്നുവരികയാണ്. കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കും. മോഷണത്തിനായി ഇവരെത്തിയത് വ്യാജ നമ്പർ പ്ലേറ്റുള്ള ഒരു ബെെക്കിലാണ്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.