തിരുവനന്തപുരത്ത് മദ്യപാനികളെയും സ്ത്രീകളേയും ലക്ഷ്യമിട്ട് അന്യസംസ്ഥാനത്തു നിന്നുള്ള കള്ളന്മാർ, ലക്ഷ്യം മൊബൈൽ ഫോണുകൾ
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്ത്രീകളെയും മദ്യപാനികളെയും ലക്ഷ്യമിട്ട് അന്യസംസ്ഥാനത്ത് നിന്നുള്ള തസ്‌കരന്മാർ. മൊബൈൽ ഫോണുകളാണ് ഇവർ പ്രധാനമായും കവരുന്നത്. ഫോർട്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും രണ്ട് മാസത്തിനിടെ മോഷണം പോയ 20 ഫോണുകളിൽ 11 എണ്ണം പൊലീസ് കണ്ടെടുത്ത് ഉടമസ്ഥർക്ക് കൈമാറി. അറസ്റ്റിലായ നാല് മോഷ്ടാക്കളെ റിമാൻഡ് ചെയ്തു.
രണ്ടുലക്ഷത്തോളം രൂപ വിലവരുന്ന മൊബൈൽ ഫോണുകളാണ് കണ്ടെത്തിയത്. പ്രതികൾ ഇതരസംസ്ഥാന തൊഴിലാളികളാണ്. ഓണത്തിരക്ക് മുതലെടുത്തായിരുന്നു മോഷണം. ഈസ്റ്റ്ഫോർട്ട്, പഴവങ്ങാടി ഭാഗങ്ങളിൽ ഫോൺ നഷ്ടപ്പെട്ടെന്ന നിരവധി പരാതികളെത്തുടർന്ന് ഫോർട്ട് എസ്.എച്ച്.ഒ ശിവകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ശ്രീജേഷ്, സി.പി.ഒ ശ്രീജിത്ത്, പ്രവീൺ,വിഷ്ണു എന്നിവരടങ്ങുന്ന സ്പെഷ്യൽ ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കൾ കുടുങ്ങിയത്.
തലസ്ഥാനത്തെ ബാറിൽ നിന്ന് മദ്യപിച്ചിറങ്ങുന്ന പുരുഷന്മാരെയും, ബസിൽ സഞ്ചരിക്കുന്ന സ്ത്രീകളേയുമാണ് ഇവർ ലക്ഷ്യമിടുന്നത്. മോഷ്‌ടിച്ച ഫോണുകൾ തുച്ഛമായ വിലയ‌്ക്ക് നഗരത്തിലെ വിവിധ മൊബൈൽ കടകളിൽ വിൽക്കും. പതിനായിരങ്ങൾ വിലമതിക്കുന്ന ഫോണുകൾ ആയിരവും രണ്ടായിരവും മാത്രം കൊടുത്ത് വാങ്ങാൻ കച്ചവടക്കാർക്കും ഉത്സാഹമാണ്. മറിച്ചു വിൽക്കുമ്പോൾ വൻ ലാഭമുണ്ടാകുമെന്നതിനാൽ വിൽക്കാൻ വരുന്നവരുടെ ഉദ്ദേശ്യം അറിയാമെങ്കിൽ കൂടി ഇവർ കൂടുതൽ അന്വേഷിക്കില്ല.പൊലീസ് ഫോൺ പിടിച്ചെടുത്തതോടെ കടക്കാർക്ക് പണം നഷ്ടപ്പെട്ടെങ്കിലും ഇവർക്കെതിരെ കേസെടുത്തിട്ടില്ല. ബാക്കിയുള്ള ഫോണുകൾ കണ്ടെത്തി യഥാർത്ഥ ഉടമസ്ഥർക്ക് കൈമാറുമെന്ന് ഫോർട്ട് പൊലീസ് അറിയിച്ചു.