'സോറി, ഐ ലവ് ഇന്ത്യ'; മോഷ്‌ടിച്ച എസ്‌യുവി റോഡരികിൽ ഉപേക്ഷിച്ച് കള്ളൻ, പൊലീസിനെ അറിയിക്കണമെന്ന് കുറിപ്പും

Monday 14 October 2024 3:15 PM IST

ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് മോഷണം പോയ എസ്‌യുവി രാജസ്ഥാനിൽ നിന്ന് കണ്ടെത്തി. മോഷ്‌ടിച്ചതിന് ക്ഷമ ചോദിച്ചുകൊണ്ട് വാഹനത്തിന്റെ നമ്പറടങ്ങുന്ന കുറിപ്പ് ഗ്ലാസിന് മുകളിൽ ഒട്ടിച്ച് വയ്‌ക്കുകയും ചെയ്‌തിട്ടുണ്ട്. ഒപ്പം 'ഐ ലവ് ഇന്ത്യ' എന്നും കുറിച്ചിട്ടുണ്ട്. വാഹനം കാണുന്നവർ ഉടൻതന്നെ പൊലീസിനെ വിവരം അറിയിക്കണമെന്ന മറ്റൊരു കുറിപ്പും കാറിന് പുറത്തുണ്ടായിരുന്നു.

ജയ്‌പൂരിലെ ബിക്കാനീർ ഹൈവേയ്‌ക്ക് സമീപമുള്ള ഒരു ഹോട്ടലിനടുത്ത് നിന്നാണ് വാഹനം കണ്ടെത്തിയത്. ഡൽഹിയിൽ നിന്നും ബിക്കാനീറിലേക്ക് 450 കിലോമീറ്ററോളം ദൂരമുണ്ട്. ഏതെങ്കിലും കുറ്റകൃത്യത്തിന് ഉപയോഗിച്ച ശേഷം വാഹനം ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസ് കരുതുന്നത്. ഡൽഹി പൊലീസ് സംഘം ബിക്കാനീറിലെത്തിയിട്ടുണ്ട്. ഡൽഹി പൊലീസാകും കേസ് അന്വേഷിക്കുക.