മുൻഭാര്യയുടെ പരാതിയിൽ അറസ്റ്റ്; നടൻ ബാലയ്ക്ക് കർശന ഉപാധികളോടെ ജാമ്യം

Monday 14 October 2024 5:21 PM IST

കൊച്ചി: മുൻ ഭാര്യ നൽകിയ പരാതിയിൽ അറസ്റ്റിലായ നടൻ ബാലയ്ക്ക് ജാമ്യം. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് കോടതി ജാമ്യം നൽകിയത്. സമൂഹമാദ്ധ്യമങ്ങളിൽ മുൻ ഭാര്യയ്ക്കും മകൾക്കുമെതിരെ പ്രചാരണങ്ങൾ നടത്തരുത്, കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാദ്ധ്യമങ്ങളുമായി സംസാരിക്കരുത് എന്നിവയാണ് പ്രധാന ജാമ്യ വ്യവസ്ഥകൾ.

മുൻ ഭാര്യയുടെ പരാതിയിൽ കടവന്ത്ര പൊലീസ് ഇന്ന് പുലർച്ചെ പാലാരിവട്ടത്തെ വീട്ടിലെത്തി ബാലയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സോഷ്യൽ മീഡിയയിലൂടെ അപകീ‌ർത്തിപ്പെടുത്തി എന്ന പരാതിക്ക് പുറമേ ബാലനീതി വകുപ്പനുസരിച്ചും നടനെതിരെ കേസെടുത്തിട്ടുണ്ട്. തന്റെ മകളെക്കുറിച്ചടക്കം ബാല നടത്തിയ പരാമർശങ്ങളാണ് അറസ്‌റ്റിന് വഴിവച്ചത്. ബാലയുടെ മാനേജരായ രാജേഷ്,​ സുഹൃത്ത് അനന്തകൃഷ്‌ണൻ എന്നിവരും കേസിൽ പ്രതികളാണ്.

മകൾ സമൂഹമാദ്ധ്യമത്തിൽ ബാലയ്‌ക്കെതിരെ പോസ്റ്റ് ചെയ്‌ത വീഡിയോയാണ് മുൻഭാര്യയും ബാലയും തമ്മിൽ പ്രശ്‌നങ്ങൾ രൂക്ഷമാക്കിയത്. അമ്മയെ അച്ഛൻ നിരന്തരം ഉപദ്രവിച്ചിരുന്നതായി കുട്ടി പറയുന്നുണ്ട്. ഒരിക്കൽ തനിക്കുനേരെ കുപ്പി വലിച്ചെറിഞ്ഞെന്നടക്കം കുട്ടി പറയുന്നുണ്ട്. ഇതിനുപിന്നാലെ ബാല പ്രതികരിക്കുകയും വൈകാതെ മുൻ ഭാര്യയ്‌ക്ക് പിന്തുണയുമായി ഡ്രൈവറായിരുന്ന യുവാവടക്കം രംഗത്തെത്തുകയും ചെയ്‌തിരുന്നു.

വിവാഹത്തിന് പിന്നാലെ ബാല മുൻഭാര്യയുടെ ഫോൺ നശിപ്പിച്ചതായും വീട്ടുകാരുമായി ബന്ധം ഇല്ലാതാക്കിയെന്നും ആരോപണമുണ്ടായിരുന്നു. സുഹൃത്തുക്കളെ മദ്യപിക്കാൻ വീട്ടിലേക്ക് വിളിച്ചുവരുത്തും. പാതിരാത്രി അവർക്ക് വച്ചുവിളമ്പി, എച്ചിൽ പാത്രം കഴുകലായിരുന്നു മുൻഭാര്യയുടെ പ്രധാന ജോലി. എന്തെങ്കിലും ചോദിച്ചാൽ പട്ടിയെ തല്ലുന്നതുപോലെ തല്ലി ചോര വരുത്തും. അൺനാച്വറൽ സെക്സ്, മാരിറ്റൽ റേപ്പ്, സെക്ഷ്വൽ അബ്യൂസ് എന്നിവ ഉണ്ടായി. ഇതേ അനുഭവം തന്നെയാണ് പിന്നീട് വിവാഹം ചെയ്‌ത ഭാര്യയ്‌ക്കും ഉണ്ടായത് എന്നിങ്ങനെ പരാതിക്കാരിയുടെ പിഎ സമൂഹമാദ്ധ്യമങ്ങളിലൂടെ മുൻപ് ആരോപിച്ചിരുന്നു.