മുടവൂർ കൊലപാതകം: പ്രതിയുമായി​ തെളിവെടുപ്പ് നടത്തി

Monday 14 October 2024 7:48 PM IST
പ്രതി സെയ്‌ത ഖാത്തൂൻ

മൂവാറ്റുപുഴ: മുടവൂർ തവളക്കവലയിൽ അസാം സ്വദേശി ബാബുൽ ഹുസൈന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയ കേസി​ൽ പ്രതിയായ ബാബുലി​ന്റെ ഭാര്യ സെയ്താ ഖാത്തൂനെ (38) സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു. കൊലയ്ക്ക് ഉപയോഗിച്ച കത്തിയും കൊലപാതക സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രവും ഉൾപ്പെടെ കണ്ടെടുത്തു. കൊലപാതകത്തിന് ഉപയോഗിച്ച കത്തി കുഴിച്ചിട്ട നിലയിലായിരുന്നു. വസ്ത്രങ്ങൾ ഇവർ താമസിച്ചിരുന്ന മുറിയിൽനിന്ന് കണ്ടെടുത്തു.

കൊലപാതകം നടത്തിയതിനുശേഷം പ്രതി​ രാത്രി എട്ടോടെ കെ.എസ്.ആർ.ടി.സി ബസിൽ മൂവാറ്റുപുഴ ബസ് സ്റ്റാൻഡിൽ എത്തി. അവിടെനിന്ന് മറ്റൊരു ബസിൽ പെരുമ്പാവൂരിൽ എത്തിയതിനുശേഷം ഓട്ടോറിക്ഷയിലാണ് ആലുവയിൽ എത്തിയത്. ട്രെയിനി​ലാണ് അസാമിലേക്ക് കടന്നത്. അസാമിലെത്തിയ പ്രതി വീട്ടിൽ എത്താതെ ബംഗ്ലാദേശ് അതിർത്തിയിലുള്ള ഇഷ്ടികക്കളത്തി​ൽ ജോലിചെയ്തുവരികെയാണ് പൊലീസി​ന്റെ പിടിയിലായത്. സബ് ഇൻസ്പെക്ടർ മാഹിൻ സലിമിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

പ്രതിയുമായി ബാബുൽ ഹുസൈൻ സ്ഥിരമായി വഴക്കി​ടുന്നതാണ് കൊലപാതകത്തിലേക്ക് നയി​ച്ചതെന്ന് പൊലീസ് പറഞ്ഞു. വീടിന്റെ ടെറസിനുമുകളിൽ അഞ്ചു ദിവസം പഴക്കമുള്ള മൃതദേഹം ആയിരുന്നു കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്തറുത്താണ് ബാബുൽ കൊല്ലപ്പെട്ടതെന്ന് വ്യക്തമായതോടെയാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. സെയ്താ ഖാത്തൂൻ ബാബുലിന്റെ രണ്ടാം ഭാര്യയാണ്.

ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ ഡിവൈ.എസ്.പി പി​.എം. ബൈജു, ഇൻസ്പെക്ടർ ബേസിൽ തോമസ്, സബ് ഇൻസ്പെക്ടർമാരായ മാഹിൻ സലീം, കെ.കെ. രാജേഷ്, ദിലീപ്കുമാർ എം.വി, പി.സി. ജയകുമാർ, സൈബർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ആൽബിൻ പീറ്റർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.