ആത്മഹത്യയിൽനിന്ന് രക്ഷപ്പെടുത്തിയ  ഭാര്യ ജോസഫിന്റെ  അന്തകയായി

Tuesday 15 October 2024 1:57 AM IST
ജോസഫിന്റെ വീട്‌

വൈപ്പിൻ: സ്‌നേഹത്തോടെ കഴിഞ്ഞ കുടുംബമായിരുന്നു കഴിഞ്ഞദിവസം ഭാര്യ കൊലപ്പെടുത്തിയ നായരമ്പലം കുടുങ്ങാശേരി അറക്കൽ ജോസഫിന്റേത്. ജോസഫ് നടത്തുന്ന കാറ്ററിംഗ് സ്ഥാപനത്തിന്റെ എല്ലാ കാര്യങ്ങളിലും ഭാര്യ പ്രീതി എന്ന മോനിക്കയുടെ ശ്രദ്ധയും അദ്ധ്വാനവും ഉണ്ടായിരുന്നു. മൂത്തമകൾ പ്രണയവിവാഹം നടത്തിയതോടെയാണ് ഇവർ തമ്മിൽ അകൽച്ച തുടങ്ങിയത്. മകളുടെ വിവാഹത്തിന് പ്രീതി ശക്തമായ എതിർപ്പുയർത്തി. ജോസഫിന്റെ ഭാഗത്തുനിന്ന് എതിർപ്പ് ഉണ്ടായില്ല. മകളുമായി സൗഹാർദ്ദത്തിൽ തുടരുകയും ചെയ്തു. ഇക്കാര്യത്തിലുള്ള അഭിപ്രായ വ്യത്യാസമാണ് ഇവരുടെ ദാമ്പത്യബന്ധത്തിൽ വിള്ളൽവീഴ്ത്തിയത്. പൊതുപ്രവർത്തകൻ ആയതിനാൽ ജോസഫ് പലപ്പോഴും സംയമനം പാലിച്ചിരുന്നു.

കുറച്ചുനാൾമുമ്പ് പ്രീതി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. തക്കസമയത്ത് ജോസഫ് ഇടപെട്ട് ഭാര്യയെ രക്ഷിച്ചു. തുടർന്ന് ഭാര്യയുടെ ചികിത്സയ്ക്കും മറ്റുമായി നല്ലൊരുതുക ചെലവഴിച്ചു. ഇതിനുശേഷവും അകൽച്ച തുടർന്നു. സംഭവദിവസം സന്ധ്യയ്ക്ക് ഗേറ്റിൽനിന്ന് മൂത്തമകളോട് ഫോണിൽ സംസാരിച്ച് നിൽക്കുമ്പോഴാണ് ജോസഫിനെ പ്രീതി പുറകിൽനിന്ന് കുത്തിയത്. പ്രീതി തന്നെ കുത്തിയെന്ന് മകളോട് പറഞ്ഞപ്പോഴേക്കും ജോസഫ് നിലത്തുവീണു. കുത്തേറ്റ വിവരം മകളാണ് മറ്റുള്ളവരെ അറിയിച്ചത്. ഇന്നലെ ഉച്ചയോടെ പ്രീതിയുമായി ഞാറക്കൽ പൊലീസ് കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുത്തു. ജോസഫിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം നായരമ്പലം വാടേൽ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ സംസ്‌കരിച്ചു.