വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

Tuesday 15 October 2024 1:00 AM IST

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി വിവിധ ഹോട്ടലുകളിലെത്തിച്ച് പീഡിപ്പിച്ച യുവാവിനെ തമ്പാനൂർ പൊലീസ് അറസ്റ്റുചെയ്തു.തൃശൂർ വടക്കാഞ്ചേരി ചെറുവത്തുവീട്ടിൽ ബിജുവാണ് (44) അറസ്റ്റിലായത്. ഇയാൾ നരുവാമൂട് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മുപ്പത്തിയാറുകാരിയെ ഒരു വർഷം മുൻപാണ് പരിചയപ്പെട്ടത്.പരിചയം മുതലാക്കി തൃശൂരിൽ നിന്നെത്തി യുവതിയെ പല ഘട്ടങ്ങളിൽ വിവിധ ഹോട്ടലുകളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ മാർച്ചിനുശേഷം ഇയാൾ യുവതിയുടെ ഫോൺ എടുക്കാതായതോടെയാണ് നരുവാമൂട് പൊലീസ് സ്റ്റേഷനിലെത്തി ഇയാൾക്കെതിരെ അവർ പരാതിപ്പെട്ടത്. തുടർന്ന് നരുവാമൂട് പൊലീസ് ഇയാളെ വിളിച്ചുവരുത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം വിട്ടയച്ചിരുന്നു. പെൺകുട്ടിയുടെ മൊഴിയനുസരിച്ച് പീഡനം നടന്ന ഹോട്ടലുകൾ തമ്പാനൂർ കേന്ദ്രീകരിച്ചായതിനാൽ തമ്പാനൂർ പൊലീസിന് കേസ് കൈമാറുകയും തമ്പാനൂർ പൊലീസ് കേസെടുത്ത് ബിജുവിനെ പിടികൂടുകയുമായിരുന്നു. ഇയാൾ തൃശൂരിലെ ഒരു ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരനാണ്. തമ്പാനൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീകുമാർ വി.എം,എ.എസ്.ഐ പാട്രിക്,സി.പി.ഒ ഷെഫീഖ്, എ.എസ്.ഐ ഉഷ എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി. പ്രിതിയെ കോടതി റിമാൻഡുചെയ്തു.