എസ്.പരമേഷ് കോസ്റ്റ്‌ഗാർഡ് മേധാവി
Tuesday 15 October 2024 1:18 AM IST
ന്യൂഡൽഹി: ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ പുതിയ ഡയറക്‌ടർ ജനറലായി എസ്. പരമേഷിനെ കേന്ദ്രം നിയമിച്ചു. നിലവിൽ കോസ്റ്റ്ഗാർഡ് അഡിഷണൽ ഡയറക്ടർ ജനറലാണ്. ഇന്ന് ചുമതലയേൽക്കും. കഴിഞ്ഞ മാസം അന്തരിച്ച രാകേഷ് പാലിന്റെ പിൻഗാമിയായാണ് പരമേഷിന്റെ നിയമനം. മൂന്ന് പതിറ്റാണ്ടിനിടെ ഡൽഹിയിലെ കോസ്റ്റ് ഗാർഡ് ഹെഡ്ക്വാർട്ടേഴ്സിൽ ഡി.ഡി ഡയറക്ടർ ജനറൽ (ഓപ്പറേഷൻസ് ആൻഡ് കോസ്റ്റൽ സെക്യൂരിറ്റി), പ്രിൻസിപ്പൽ ഡയറക്ടർ (ഓപ്പറേഷൻസ്), ചെന്നൈയിലെ കോസ്റ്റ് ഗാർഡ് റീജിയണൽ ആസ്ഥാനത്ത് (ഈസ്റ്റ്) ചീഫ് സ്റ്റാഫ് ഓഫീസർ (ഓപ്പറേഷൻസ്) തുടങ്ങിയ പദവികളിലിരുന്നു. കോസ്റ്റ് ഗാർഡ് കിഴക്ക്, പടിഞ്ഞാറ് മേഖലകൾ, കോസ്റ്റ് ഗാർഡ് ഈസ്റ്റേൺ സീബോർഡ് എന്നിവയുടെ നേതൃ ചുമതലയും വഹിച്ചു. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ തത്രക്ഷക് മെഡൽ ലഭിച്ചു.