ഫാർമർ പ്രൊഡ്യൂസർ കമ്പനി ആരംഭിക്കും: മന്ത്രി രാജേഷ്
Tuesday 15 October 2024 3:02 AM IST
തിരുവനന്തപുരം: ഡ്രോണുകളുടെ സാദ്ധ്യത പ്രയോജനപ്പെടുത്തി സ്മാർട്ട് ഫാർമിംഗ് നടപ്പാക്കാൻ ഫാർമർ പ്രൊഡ്യൂസർ കമ്പനി ആരംഭിക്കുമെന്ന് മന്ത്രി എം.ബി.രാജേഷ് നിയമസഭയെ അറിയിച്ചു. ഗ്രാമീണ ഉപജീവന മിഷൻ പദ്ധതിയിലൂടെ 49 കുടുംബശ്രീ അംഗങ്ങൾക്ക് ഡ്രോൺ പരിശീലനം നൽകി. എം.ജി സർവകലാശാലയിലെ സ്കൂൾ ഒഫ് എൻവയോൺമെന്റ് സയൻസുമായി ചേർന്ന് സ്മാർട്ട് ഫാർമിംഗ് പരിശീലനം ഈ മാസം ആരംഭിക്കും. എറണാകുളം,കാസർകോട്,പാലക്കാട് ജില്ലകളിൽ കുടുംബശ്രീ ഡ്രോൺ പൈലറ്റുമാർ ജൂൺ മുതൽ ജോലിയെടുക്കുന്നുണ്ട്. ഒരു ഏക്കറിൽ ഡ്രോൺ ഉപയോഗിക്കുമ്പോൾ 500 മുതൽ 700 രൂപ വരെ വരുമാനം ലഭിക്കും.