വിവാഹിതനായ ആളെ പ്രണയിച്ചു, അയാൾ ഒരുപാട് പീഡിപ്പിച്ചു: തുറന്നുപറഞ്ഞ് ആൻഡ്രിയ

Saturday 10 August 2019 4:16 PM IST

ഒരു പ്രണയം മൂലം താൻ അനുഭവിച്ച കഷ്ടപ്പാടുകൾ തുറന്ന് പറഞ്ഞ് നടിയും ഗായികയുമായ ആൻഡ്രിയ ജെറെമിയ. വിവാഹിതനായ ഒരു വ്യക്തിയുമായുള്ള പ്രണയവും അയാളിൽ നിന്നും നേരിട്ട പീഡനവും തന്നെ വിഷാദത്തിലേക്ക് തള്ളിവിട്ട സമയത്തെ കുറിച്ചാണ് ആൻഡ്രിയ വാചാലയായത്. ഒടുവിൽ തന്റെ വിഷാദരോഗത്തിൽ നിന്നും ആൻഡ്രിയ കരകയറിയത് ആയുർവേദ ചികിത്സയിലൂടെയാണ്.

ഏറെ നാളുകളായി ഗാനരംഗത്ത് നിന്നും സിനിമാ രംഗത്ത് നിന്നും വിട്ടുനിൽകുകയായിരുന്നു ആൻഡ്രിയ ജെറെമിയ. അതിനിടെ ബംഗളുരുവിൽ വച്ച് നടന്ന ഒരു പൊതുപരിപാടിക്കിടെയാണ് ആൻഡ്രിയ തന്റെ മനസ് തുറക്കാൻ തീരുമാനിച്ചത്. സംസാരത്തിനിടെ വിഷാദ രോഗത്തെ കുറിച്ചും അതുണ്ടാകുന്നതിന്റെ കാരണങ്ങളെ കുറിച്ചും അത് താൻ എങ്ങനെയാണ് അതിജീവിച്ചതെന്നും ആൻഡ്രിയ വിശദീകരിച്ചു.

'വിവാഹിതനായ ഒരു വ്യക്തിയുമായി ഏറെ നാളുകളായി പ്രണയത്തിലായിരുന്നു ഞാൻ. അയാൾ എന്നെ മാനസികമായും ശാരീരികമായും ഒരുപാട് നാൾ പീഡിപ്പിച്ചിരുന്നു. അങ്ങനെയാണ് ഞാൻ വിഷാദ രോഗത്തിലേക്ക് കൂപ്പുകുത്തുന്നത്. അതിൽ നിന്നും രക്ഷപ്പെടാൻ ഒടുവിൽ ആയുർവേദ ചികിത്സകളെയാണ് ഞാൻ ആശ്രയിച്ചത്.' ആൻഡ്രിയ പറഞ്ഞു. വീണ്ടും സിനിമാ രംഗത്തേക്ക് ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് ആൻഡ്രിയ ഇപ്പോൾ.