ട്രംപിന്റെ റാലിക്ക് സമീപം തോക്കുമായി ഒരാൾ പിടിയിൽ

Tuesday 15 October 2024 7:58 AM IST

വാഷിംഗ്ടൺ : യു.എസിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപിന്റെ റാലിക്ക് സമീപം തോക്കുമായി ഒരാൾ പിടിയിൽ. കാലിഫോർണിയയിലെ കോച്ചല്ലയിൽ നടന്ന റാലിയുടെ വേദിക്ക് പുറത്ത് വച്ച് ലാസ് വേഗാസ് സ്വദേശിയായ വെം മില്ലർ (49) ആണ് അറസ്റ്റിലായത്.

പ്രാദേശിക സമയം, ശനിയാഴ്ച വൈകിട്ട് 5ന് സുരക്ഷാ പരിശോധനയ്ക്കിടെയായിരുന്നു സംഭവം എന്ന് പൊലീസ് ഇന്നലെ വെളിപ്പെടുത്തി. രേഖകളില്ലാത്ത, നിറച്ച രണ്ട് തോക്കുകളും ഒന്നിലധികം പാസ്പോർട്ടുകളുമായി വ്യാജ ലൈസൻസ് പ്ലേറ്റുള്ള കാറിൽ സഞ്ചരിക്കുകയായിരുന്നു ഇയാൾ.

അനധികൃതമായി തോക്ക് കൈവശം വച്ചതിന് കുറ്റം ചുമത്തപ്പെട്ട ഇയാളെ പിന്നീട് ജാമ്യത്തിൽവിട്ടു. താൻ ട്രംപിന്റെ അനുകൂലിയാണെന്നും അദ്ദേഹത്തെ ആക്രമിക്കാൻ പദ്ധതിയിട്ടില്ലെന്നും മില്ലർ പ്രതികരിച്ചു. അധികൃതർ അന്വേഷണം ആരംഭിച്ചു.

ട്രംപിനെതിരെയുള്ള വധശ്രമം തടഞ്ഞെന്ന് കരുതുന്നതായി ലോക്കൽ പൊലീസ് ആദ്യം പ്രതികരിച്ചെങ്കിലും അത് ഊഹം മാത്രമായിരുന്നെന്ന് വ്യക്തമാക്കി. സംഭവം വധശ്രമമാണെന്ന് കരുതുന്നില്ലെന്ന് ഫെഡറൽ ഉദ്യോഗസ്ഥരും പ്രതികരിച്ചു. അറസ്റ്റ് നടക്കുമ്പോൾ ട്രംപ് റാലി സ്ഥലത്ത് എത്തിയിരുന്നില്ല.

ജൂലായിലുണ്ടായ വധശ്രമത്തിൽ നിന്ന് ട്രംപ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നു. പെൻസിൽവനിയയിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ ട്രംപിന്റെ വലതുചെവിയിൽ വെടിയേൽക്കുകയായിരുന്നു. അക്രമിയെ സുരക്ഷാസേന വധിച്ചു. കഴിഞ്ഞ മാസം ഫ്ലോറിഡയിൽ ട്രംപ് ഗോൾഫ് കളിക്കുന്നതിനിടെ ദൂരെ വേലിക്കെട്ടിനു പുറത്ത് തോക്കുമായി നിലയുറപ്പിച്ചയാളെ പൊലീസ് പിടികൂടിയിരുന്നു.