തൂണേരി ഷിബിൻ വധക്കേസ്; മുസ്ലീം ലീഗ് പ്രവർത്തകരായ ആറ് പ്രതികൾക്ക് ജീവപര്യന്തം

Tuesday 15 October 2024 3:14 PM IST

കൊച്ചി: തൂണേരി ഷിബിൻ വധക്കേസിൽ മുസ്ലീം ലീഗ് പ്രവർത്തകരായ ആറ് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഡിവൈഎഫ്‌ഐ പ്രവർത്തകനായ 19 വയസുകാരൻ ഷിബിനെ വടകരയിലെ തൂണേരിയിൽ വച്ച് കൊലപ്പെടുത്തിയ കേസിലാണ് വിധി.

ഓരോ ലക്ഷം വീതം പ്രതികൾ പിഴ നൽകണം. ഈ തുക ഷിബിന്റെ പിതാവിന് നഷ്‌ടപരിഹാരമായി നൽകണം. പ്രതികളുടേത് നിഷ്‌ഠൂരമായ പ്രവൃത്തിയാണെന്നും പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. വിദേശത്തായിരുന്ന ആറ് പ്രതികൾ കഴിഞ്ഞ ദിവസം തിരിച്ചെത്തിയിരുന്നു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ നാദാപുരം പൊലീസ് ആറുപേരെയും ഹൈക്കോടതിയിൽ ഹാജരാക്കുകയായിരുന്നു.

പാസ്‌പോർട്ട് തിരികെ കിട്ടാത്തതിനാലാണ് ഒന്നാം പ്രതി വിദേശത്ത് തുടരുന്നതെന്നും തിരിച്ചുവരാൻ തയ്യാറാണെന്നും പ്രതിഭാഗം അറിയിച്ചു. ഒന്നാം പ്രതിയുടെ അസാന്നിദ്ധ്യത്തിൽ മറ്റ് പ്രതികൾക്കുള്ള ശിക്ഷ നിയമ തടസങ്ങളില്ലെന്ന് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ കോടതിയെ ബോധിപ്പിച്ചു.