മുഴുവൻ സമയ ടിക്കറ്റ് കൗണ്ടറിനായി നിവേദനം

Tuesday 15 October 2024 9:46 PM IST

തലശ്ശേരി: തലശ്ശേരി സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ 24മണിക്കൂർ പ്രവർത്തിച്ചിരുന്ന ടിക്കറ്റ് കൗണ്ടർ മുന്നറിയിപ്പില്ലാതെ രാത്രി 9 വരെയാക്കിയതിനെതിരെ പ്രതിഷേധം. യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെട്ടിരുന്ന കൗണ്ടർ നിർത്തലാക്കിയത് കടുത്ത തിരിച്ചടിയായിട്ടുണ്ട്. ഓൺലൈനിൽ അൺറിസർവ്ഡ് ടിക്കറ്റ് പ്രായമായവർക്കും മറ്റും ലഭിക്കാൻ പ്രയാസമുണ്ട്. ബഹുഭൂരിപക്ഷം യാത്രക്കാരും ആശ്രയിക്കുന്നത് കൗണ്ടറിനെയായിരുന്നു. പ്ളാറ്റ് ഫോം രണ്ടിലെ ടിക്കറ്റ് കൗണ്ടർ 24 മണിക്കൂറുമായി പുനസ്ഥാപിക്കണമെന്ന് തലശ്ശേരി റെയിൽവേ പാസ്സഞ്ചർ അസോസിയേഷൻ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ദക്ഷിണ റെയിൽവേ ഡിവിഷണൽ മാനേജർ അരുൺ കുമാർ ചതുർവേദിക്കും അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ ജയകൃഷ്ണനും പാസഞ്ചേഴ്സ് അസോസിയേഷൻ നിവേദനം നൽകിയിട്ടുണ്ട്.