ചിരിച്ചുകൊണ്ട് നവീൻ സ്വീകരിച്ചു, കുത്തുവാക്കാൽ അപമാനിച്ച് ദിവ്യ

Wednesday 16 October 2024 1:23 AM IST

കണ്ണൂർ: യാത്രഅയപ്പ് യോഗത്തിലേക്ക് ക്ഷണിക്കാതെ കയറിവന്ന ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ ചിരിയോടെയാണ് എ.ഡി.എം നവീൻ ബാബു വരവേറ്റത്. ദിവ്യ സീറ്റിൽ ഇരുന്നശേഷമാണ് അദ്ദേഹം ഇരുന്നത്. ജനപ്രതിനിധികളെ ആരെയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. അതിലേക്കായിരുന്നു പി.പി. ദിവ്യയുടെ രംഗപ്രവേശം. ചില മാദ്ധ്യമങ്ങളും എത്തിയിരുന്നു.

കണ്ണൂരിൽ നിന്നു സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫർ ലഭിച്ച സന്തോഷത്തിലായിരുന്നു നവീൻ ബാബു. അദ്ദേഹവുമൊത്തുള്ള ഔദ്യോഗിക നിമിഷങ്ങളുടെ ഓർമ്മകൾ സഹപ്രവർത്തകർ പങ്കിടുന്നതിനിടയിലാണ് ദിവ്യയുടെ രംഗപ്രവേശം. ചെങ്ങളായിയിൽ പെട്രോൾ പമ്പിന് അനുമതി നൽകുന്നത് മാസങ്ങളോളം വൈകിപ്പിച്ച എ.ഡി.എമ്മിന്റെ നടപടിയിൽ വിമർശനം ഉന്നയിച്ചു തുടങ്ങിയ ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതോടെ വേദിയിൽ എ.ഡി.എം തലകുമ്പിട്ടിരുന്നു. പ്രസംഗം അവസാനിപ്പിച്ച ദിവ്യ, ഉപഹാരം നൽകുമ്പോൾ നിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്നു പറഞ്ഞ് വേദി വിട്ടു. മരവിച്ച അവസ്ഥയിലായിരുന്നു അപ്പോൾ നവീൻ. ഇറങ്ങിപ്പോകുന്നതിന്റെ കാരണം രണ്ടു ദിവസത്തിനകം വ്യക്തമാക്കുമെന്നും ദിവ്യ പറഞ്ഞിരുന്നു.
അപമാനഭാരത്തിലുള്ള മനോവിഷമത്തോടെയാണ് എ.ഡി.എം കളക്ടറിൽ നിന്നു ഉപഹാരം സ്വീകരിച്ചത്. ആകെ തകർന്ന അവസ്ഥയിലാണ് അദ്ദേഹം താമസ സ്ഥലത്തേക്ക് മടങ്ങിയതെന്നും സഹപ്രവർത്തകർ പറഞ്ഞു.


ഫോൺ എടുക്കാതായപ്പോൾ

എ.ഡി.എമ്മിന്റെ ഡ്രൈവർ ഇന്നലെ രാവിലെ ഏഴേകാലിന് തന്നെ വന്നു വിളിക്കുമ്പോഴാണ് സംഭവം അറിയുന്നതെന്ന് നവീൻ ബാബുവിന്റെ അയൽവാസി പി.ഡബ്ല്യൂ.ഡി അസി.എൻജിനിയർ രഞ്ജിത്ത് പറഞ്ഞു. അദ്ദേഹം ഫോൺ എടുക്കുന്നില്ലെന്നും രാത്രി നാട്ടിലേക്ക് പോകുമെന്നാണ് അറിയിച്ചിരുന്നതെന്നും ഡ്രൈവർ പറഞ്ഞു.നാട്ടിലെത്തിയില്ലെന്നു പറഞ്ഞ് സാറിന്റെ ഭാര്യ വിളിച്ചകാര്യവും പറഞ്ഞു. വിളിക്കുമ്പോൾ ഫോൺ റിംഗ് ചെയ്യുന്നുണ്ട്. കണ്ണൂരിലെ ലൊക്കേഷനും കാണിക്കുന്നുണ്ട്. അസ്വാഭാവികമായി എന്തോ ഉണ്ടെന്ന് മനസ്സിലാക്കി നാട്ടുകാരെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. ട്രാൻസ്ഫർ റെഡിയായിട്ടുണ്ടെന്നും പക്ഷേ, അഡിഷണൽ ചാർജ് കൊടുക്കാൻ ആളായിട്ടില്ലെന്നും അവസാന കൂടിക്കാഴ്ചയിൽ നവീൻബാബു സൂചിപ്പിച്ചതായും രഞ്ജിത്ത് പറഞ്ഞു.

ആത്മഹത്യാക്കുറിപ്പ് കണ്ടില്ലെന്ന് പൊലീസ്

നവീൻ ബാബുവിന്റെ മൃതദേഹത്തിൽ നിന്നോ വീട്ടിൽ നിന്നോ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ അജിത്കുമാർ പറഞ്ഞു. വീട്ടിലുണ്ടായിരുന്ന സാധനങ്ങൾ അന്വേഷണത്തിനായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അത് പരിശോധിച്ച ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തെളിവുകൾ നശിപ്പിച്ചാണ് മൃതദേഹം വീട്ടിൽ നിന്നു കൊണ്ടുപോയതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.