40 ശതമാനത്തിനുമേൽ സംസാര വൈകല്യം: മെഡി. പ്രവേശനം നിഷേധിക്കരുതെന്ന് സുപ്രീംകോടതി
ന്യൂഡൽഹി : 40 ശതമാനത്തിനുമേൽ സംസാര വൈകല്യമുണ്ടെന്ന കാരണം കൊണ്ടുമാത്രം വിദ്യാർത്ഥികൾക്ക് മെഡിക്കൽ പ്രവേശനം നിഷേധിക്കരുതെന്ന് സുപ്രീംകോടതി. എം.ബി.ബി.എസ് കോഴ്‌സ് പഠനത്തിന് അത്തരത്തിലുള്ള വിദ്യാർത്ഥിക്ക് തടസമുണ്ടോയെന്നത് ഡിസെബിലിറ്റി അസസ്‌മെന്റ് ബോർഡാണ് പരിശോധിച്ചു പറയേണ്ടത്. ബോർഡിന്റെ റിപ്പോർട്ടും അന്തിമമല്ല. പ്രതികൂല നിലപാടാണ് സ്വീകരിക്കുന്നതെങ്കിൽ ജുഡിഷ്യൽ പരിശോധനയ്‌ക്ക് വിധേയമാണെന്നും കോടതി ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയിലെ ഓംകാർ രാമചന്ദ്ര ഗോൻഡ് എന്ന വിദ്യാർത്ഥിക്ക് എം.ബി.ബി.എസ് സീറ്റ് നൽകണമെന്ന് നിർദ്ദേശിച്ചു കൊണ്ടാണ് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, അരവിന്ദ് കുമാർ, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിലപാട്. വൈകല്യമുള്ളവരെയും തുല്യ പൗരന്മാരായി കണക്കാക്കി സമൂഹത്തിൽ അവർക്ക് പങ്കാളിത്തം ഉറപ്പാക്കേണ്ടത് നിയമത്തിന്റെ നിയോഗമാണെന്ന് കോടതി കൂട്ടിച്ചേർത്തു. 40 ശതമാനമോ അതിലധികമോ വൈകല്യമുള്ളവർക്ക് എം.ബി.ബി.എസ് പ്രവേശനം അനുവദിക്കേണ്ടതില്ലെന്ന മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യയുടെ തീരുമാനം ചോദ്യം ചെയ്‌താണ് വിദ്യാർത്ഥി സുപ്രീംകോടതിയെ സമീപിച്ചത്. തനിക്ക് സീറ്റ് നിഷേധിക്കപ്പെട്ടത് തുല്യത എന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.