വോട്ട് ചെയ‌്തതിന് പകരമായി ഒരു എംഎൽഎയും ഇത്തരമൊരു ആവശ്യം കേട്ടിട്ടുണ്ടാവില്ല

Thursday 17 October 2024 2:15 PM IST

ലക്‌നൗ: വോട്ട് ചെയ‌്ത് ജയിപ്പിച്ചുവിട്ടതല്ലേ, അതുകൊണ്ട് ഞങ്ങളുടെ ആവശ്യം എംഎൽഎ ചെയ‌്തു തരണം. സാധാരണ ഗതിയിൽ നമ്മുടെ രാജ്യത്തെ പല എംഎൽഎമാരും വോട്ടർമാരിൽ നിന്ന് ഈ പറഞ്ഞത് കേട്ടിട്ടുണ്ടാകും. എന്നാൽ വോട്ട് ചെയ‌്തതിന്റെ പേരിൽ വിവാഹം കഴിക്കാൻ തനിക്കൊരു വധുവിനെ കണ്ടുപിടിച്ചു തരണമെന്ന് ആരും പറഞ്ഞിട്ടുണ്ടാവില്ല. പക്ഷേ ഉത്തർപ്രദേശിൽ അത്തരമൊരു ആവശ്യവും ഒരു എംഎൽഎയ്‌ക്ക് കേൾക്കേണ്ടി വന്നു.

യുപിയിലെ ചർക്കാരി നിയോജക മണ്ഡലത്തിലെ ബിജെപി എംഎൽഎയായ ബ്രിജ്ഭൂഷൺ രജ്പുത്തിനോടായിരുന്നു സമ്മതിദായകന്റെ ആവശ്യം. എനിക്കൊരു വധുവിനെ കണ്ടുപിടിച്ചു തരാമോ? വാഹനത്തിന് ഇന്ധനം നിറയ‌്ക്കാനായി എത്തിയപ്പോഴായിരുന്നു പെട്രോൾ പമ്പ് ജീവനക്കാരൻ കൂടിയായ 44കാരന്റെ ചോദ്യം.

ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ചോദ്യം കേട്ട അമ്പരപ്പ് മുഖത്ത് ആദ്യം നിഴലിച്ചെങ്കിലും, ഇക്കാര്യത്തിന് എന്തിനാണ് തന്നെ തിരഞ്ഞെടുത്തതെന്ന് മറു ചോദ്യം എംഎൽഎ ചോദിച്ചു. ഞാൻ താങ്കൾക്ക് വോട്ട് ചെയ‌്ത ആളായതു കൊണ്ടുതന്നെ എന്ന മറുപടിയും അയാൾ നൽകി. തുടർന്ന് എന്തൊക്കെയാണ് ഭാവി വധുവിന് ആഗ്രഹിക്കുന്ന ഡിമാൻഡുകൾ എന്നായി എംഎൽഎ. ചില ജാതിയിൽ നിന്നുള്ള യുവതികളെ വേണ്ട എന്ന മറുപടി വന്നപ്പോൾ. ഇത്തരത്തിൽ ജാതീയ വേർതിരിവ് നടത്തുന്നത് ശരിയല്ലെന്നും, ഉടൻ തന്നെ ഒരു വധുവിനെ കണ്ടെത്താമെന്നും പറഞ്ഞ് ബ്രിജ്ഭൂഷൺ രജ്പുത്ത് മടങ്ങി.