ലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസം, അസാം കരാർ അംഗീകരിച്ച് സുപ്രീംകോടതി
ന്യൂഡൽഹി : ബംഗ്ലാദേശിൽ നിന്നടക്കം അസാമിലേക്ക് കുടിയേറിയ ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസ വിധിയുമായി സുപ്രീംകോടതി. കുടിയേറ്റക്കാർക്ക് പൗരത്വം നൽകുന്നതുമായി ബന്ധപ്പെട്ട പൗരത്വ നിയമത്തിലെ 6 എ വകുപ്പ് സുപ്രീംകോടതി അംഗീകരിച്ചു. കുടിയേറ്റം അസാമിലെ സാംസ്കാരിക സ്വത്വത്തെ ബാധിച്ചുവെന്ന് ആരോപിച്ചുള്ള ഒരുകൂട്ടം ഹർജികളിലാണ് സുപ്രധാനവിധി. കരാറും നിയമഭേദഗതിയും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ച് 4:1 ഭൂരിപക്ഷത്തോടെ അംഗീകരിച്ചു. 1985ൽ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സാന്നിദ്ധ്യത്തിൽ കേന്ദ്രസർക്കാരും അസാം മൂവ്മെന്റ് നേതാക്കളും ഒപ്പിട്ട അസാം കരാറിന് പിന്നാലെയാണ് കുടിയേറ്റക്കാർക്ക് അനുകൂലമായി പൗരത്വ നിയമത്തിൽ 6 എ വകുപ്പ് കൂട്ടിച്ചേർത്തത്.
കരാർ അസാമിന്റെ ഭാഷാപരവും സാംസ്‌കാരികവുമായ പൈതൃകത്തിന് ഭീഷണിയാണെന്ന വാദം തള്ളി. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ സൂര്യകാന്ത്, എം.എം. സുന്ദരേഷ്, മനോജ് മിശ്ര എന്നിവർ ഭരണഘടനാ സാധുതയുണ്ടെന്ന് വിധിച്ചു. എന്നാൽ, ജസ്റ്റിസ് ജെ.ബി. പർദിവാല വിയോജിച്ചുകൊണ്ട് ഭിന്നവിധിയെഴുതി. കരാർ ഏകപക്ഷീയമാണെന്നും 6 എ വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്നും നിലപാടെടുത്തു.
എന്തുകൊണ്ട് അംഗീകരിച്ചു
1. അനധികൃത കുടിയേറ്റത്തിന് രാഷ്ട്രീയ പരിഹാരമായിരുന്നു അസാം കരാർ
2. പൗരത്വ നിയമത്തിലെ വകുപ്പ് 6 എ അതിന്റെ നിയമനിർമ്മാണ പരിഹാരമായിരുന്നു
3. തദ്ദേശീയരെ സംരക്ഷിക്കുന്നതും മനുഷ്യത്വപരമായ ആശങ്കകൾ പരിഹരിക്കുന്നതുമാണ് വ്യവസ്ഥ
4. അസാമിനായി മാത്രം കരാർ യുക്തിപരം. ബംഗ്ലാദേശുമായി കൂടുതൽ അതിർത്തി പങ്കിടുന്ന സംസ്ഥാനം
5. ബംഗ്ലാദേശ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാകണം കുടിയേറ്റ വിഷയത്തെ കാണേണ്ടത്
വിധിയുടെ പ്രതിഫലനം
1. 1966 ജനുവരി ഒന്നിന് മുൻപ് അസാമിലേക്ക് കുടിയേറിയവരെ ഇന്ത്യൻ പൗരന്മാരായി കണക്കാക്കും
2. 1966 ജനുവരി ഒന്നു മുതൽ 1971 മാർച്ച് 25 വരെയുള്ള കാലയളവിൽ കുടിയേറിയവർക്ക് പൗരത്വത്തിന് അപേക്ഷിക്കാം
3. 1971 മാർച്ച് 25 മുതൽ അസാമിലെത്തിയവർ അനധികൃത കുടിയേറ്റക്കാർ. ഡീപോർട്ട് ചെയ്യാവുന്നതാണ്.
സുപ്രീംകോടതിയുടേത് ചരിത്രവിധി. അസാം പ്രക്ഷോഭം ന്യായമായ കാരണങ്ങൾ കൊണ്ടായിരുന്നുവെന്ന് തെളിഞ്ഞു.
- ഓൾ അസാം സ്റ്റുഡന്റ്സ് യൂണിയൻ
(കരാർ ഒപ്പിട്ട സംഘടനകളിലൊന്ന്)