ത്രികോണ മത്സരം ഉറപ്പിച്ച് ബിജെപി; പാലക്കാട് സി കൃഷ്ണകുമാർ, വയനാട് നവ്യ ഹരിദാസും ചേലക്കരയിൽ കെ ബാലകൃഷ്ണനും
ന്യൂഡൽഹി: ലോക്‌സഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പാലക്കാട്ട് സി കൃഷ്ണകുമാറും ചേലക്കരയിൽ കെ ബാലകൃഷ്ണനും മത്സരിക്കും. രാഹുല്‍ ഗാന്ധി രാജിവെച്ചൊഴിഞ്ഞ വയനാട് കോൺഗ്രസിന്റെ പ്രിയങ്കഗാന്ധി മത്സരിക്കുമ്പോൾ എതിരായി ബിജെപി കളത്തിലിറക്കുന്നത് നവ്യ ഹരിദാസിനെയാണ്. ഡൽഹിയിൽ ബിജെപി പാർലമെന്ററി ബോർഡ് യോഗം ചേർന്ന ശേഷമാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.
വയനാട് കഴിഞ്ഞ തവണ പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനായിരുന്നു ബിജെപി സ്ഥാനാർത്ഥി. പാർട്ടിക്ക് കൂടുതൽ വോട്ട് കിട്ടിയതും അപ്പോഴാണ്. ഇക്കുറി എ പി അബ്ദുള്ളകുട്ടി, ശോഭാസുരേന്ദ്രൻ തുടങ്ങിവരും പേരുകളും പാർട്ടി പരിഗണനയിലുണ്ടായിരുന്നു. സിപിഐ നേതാവ് സത്യൻ മൊകേരിയാണ് വയനാട് ഇടത് സ്ഥാനാർത്ഥി.
നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസ് വിട്ടുവന്ന ഡോ പി സരിനും ചേലക്കരയിൽ മുൻ എംഎൽഎ യു ആർ പ്രദീപും ഇടതുമുന്നണിക്കായി മത്സരിക്കും. രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസിനായി പാലക്കാടും രമ്യഹരിദാസ് ചേലക്കരയിലും മത്സരിക്കും.