'പണം കൊണ്ടും പദവി കൊണ്ടും സ്വാധീനമുള്ള വ്യക്തി,​ അന്വേഷണവുമായി സഹകരിച്ചില്ല',​ സിദ്ദിഖിനെതിരെ സർക്കാർ സുപ്രീംകോടതിയിൽ

Saturday 19 October 2024 11:15 PM IST

ന്യൂഡൽഹി: ലൈംഗിക പീഡനക്കേസിൽ ഇടക്കാല ജാമ്യം ലഭിച്ച നടൻ സിദ്ദിഖിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. കേസിലെ അന്വേഷണവുമായി സിദ്ദിഖ് സഹകരിച്ചിട്ടില്ലെന്നാണ് സർക്കാർ സുപ്രീംകോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ചോദ്യം ചെയ്യലിൽ പലതും മറന്നുപോയെന്ന ഉത്തരമാണ് പ്രതി നൽകിയത്.

ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പൊലീസ് ആവശ്യപ്പെട്ട കാര്യങ്ങൾ കെെമാറാൻ തയ്യാറായില്ലെന്നും ചരിത്രം സിദ്ദിഖിനെ നായകനായി വാഴ്ത്തുന്നതിന് മുൻപ് കള്ളത്തരം പുറത്തുകൊണ്ടുവരണമെന്നും സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്താണ് സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ റിപ്പോർട്ട് സമർപ്പിച്ചത്.

കോടതിയുടെ ഇടക്കാല സംരക്ഷണം നൽകിയെങ്കിലും സിദ്ദിഖ് അന്വേഷണവുമായി സഹകരിച്ചിട്ടില്ല. പുറത്തുനിൽക്കുന്ന സിദ്ദിഖ് സാക്ഷികളെ സ്വാധീനിക്കാനും സാദ്ധ്യതയുണ്ട്. ഫലപ്രദമായ അന്വേഷണത്തിന് സിദ്ദിഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും സർക്കാർ വ്യക്തമാക്കി. പണം കൊണ്ടും പദവി കൊണ്ടും സ്വാധീനമുള്ള വ്യക്തിയാണ് സിദ്ദിഖ്. ഹെെക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ കുറ്റവാളിയെ പോലെ ഓടിഒളിച്ചു. സിദ്ദിഖ് ക്ഷണിച്ചിട്ടാണ് പരാതിക്കാരി തിരുവനന്തപുരത്ത് എത്തിയത്. ജാമ്യം അനുവദിക്കുന്നത് പരാതിക്കാരിക്ക് ലഭിക്കേണ്ട നീതിയെ ബാധിക്കുമെന്നും സർക്കാർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

കേസിൽ അന്വേഷണം പൂർത്തിയാകുന്നതുവരെയും സമൂഹമാദ്ധ്യമങ്ങളിൽ നിന്ന് തെളിവുകൾ ശേഖരിക്കുന്നത് വരെയും സിദ്ദിഖിനെ കസ്റ്രഡിയിൽ വേണമെന്നാണ് സ്റ്റാന്റിംഗ് കോൺസൽ നിഷേ രാജൻ ഷൊങ്കർ സുപ്രീംകോടതിയിൽ ഫയൽ ചെയ്ത റിപ്പോർട്ടിൽ പറയുന്നത്. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി 22ന് പരിഗണിക്കും.