കൊടുത്തതോ, എടുത്തതോ? പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഉരുളിമോഷണത്തിൽ അടിമുടി ദുരൂഹത

Sunday 20 October 2024 9:41 AM IST

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ പുരാവസ്തുശേഖരത്തിൽപ്പെട്ട നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തിൽ അടിമുടി ദുരൂഹത. ഉരുളി മോഷ്ടിച്ചതല്ലെന്നും ജീവനക്കാർ തന്നതാണെന്നും കേസിൽ പിടിയിലായ ഗണേശ് ത്സാ മൊഴിനൽകിയതാണ് ദുരൂഹതയ്ക്ക് പിന്നിൽ.

പൂജാപാത്രം പുറത്തേക്ക് കൊണ്ടുപോയപ്പോൾ ആരും തടഞ്ഞില്ലെന്നും ആരെങ്കിലും വിളിക്കുകയോ മടക്കിച്ചോദിക്കുകയോ ചെയ്തിരുന്നെങ്കിൽ ഉരുളി തിരിച്ചുനൽകുമായിരുന്നു എന്നും അയാൾ ഹരിയാന പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. മോഷണമുതൽ ഗണേശ് പൊലീസിന് കൈമാറിയിട്ടുണ്ട്. മോഷണവിവരം പൊലീസിനെ അറിയിക്കാൻ വൈകി എന്നും ആക്ഷേപം ഉയരുന്നുണ്ട്. മൂന്നുസ്ത്രീകൾ അടക്കം നാലുപേരാണ് മോഷണവുമായി ബന്ധപ്പെട്ട് ഹരിയാന പൊലീസിന്റെ പിടിയിലായത്.

നിവേദ്യപാത്രങ്ങൾ ഉൾപ്പെടെ എണ്ണി തിട്ടപ്പെടുത്തുന്നതിനിടെയാണ് കുറവ് കണ്ടെത്തിയത്. തുടർന്ന് സി.സി ടിവി പരിശോധിച്ചപ്പോഴാണ് ഉരുളി മോഷ്ടിച്ചതായി കണ്ടെത്തിയത്. ക്ഷേത്രദർശനത്തിന് എത്തിയതായിരുന്നു സംഘം.ചുറ്റിനടന്ന് തൊഴുന്നതിനിടെ ഒപ്പമുണ്ടായിരുന്ന പുരുഷൻ തിടപ്പള്ളിക്ക് സമീപം വച്ചിരുന്ന ഉരുളിയെടുത്ത് മുണ്ടിൽ ഒളിപ്പിച്ചശേഷം പുറത്തേക്ക് പോയി. അന്വേഷണത്തിൽ ഇവർ ഉഡുപ്പിയിലെത്തിയതായും അവിടെ നിന്ന് വിമാനത്തിൽ ഹരിയാനയിലേക്ക് പോയതായും കണ്ടെത്തി. ഇവരുടെ വിവരം ഹരിയാന പൊലീസിന് കൈമാറിയതിനെ തുടർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

സാമ്പത്തിക ലാഭത്തിന് വേണ്ടിയല്ലെന്നും പദ്മനാഭന്റെ പാത്രം പൂജാമുറിയിൽ സൂക്ഷിക്കാനാണ് എടുത്തതെന്നുമാണ് ഇവർ പൊലീസിന് നൽകിയ മൊഴി. ക്ഷേത്രവും പരിസരവും അതീവസുരക്ഷാ മേഖലയാണ്. മോഷണം പൊലീസിനും തലവേദനയായി. സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്കെതിരെ നടപടിക്ക് സാദ്ധ്യതയുണ്ടെന്നാണ് വിവരം.

പ്രതികളെ ഇന്ന് ഉച്ചയോടെ കേരളത്തിൽ എത്തിക്കും. വിമാനമാർഗമാവും ഇവരെ എത്തിക്കുക. പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ ഫോർട്ട് സിഐ ഹരിയാനയിൽ എത്തിയിട്ടുണ്ട്.

Advertisement
Advertisement