കൊറിയർ നൽകാനെന്ന വ്യാജേന വീട്ടിൽ കയറി വൃദ്ധദമ്പതികളെ തോക്കിൻ മുനയിൽ ബന്ദികളാക്കി, രണ്ട് കോടിയുമായി കടന്ന് യുവാക്കൾ

Sunday 20 October 2024 9:52 AM IST

ന്യൂഡൽഹി: വയോധികരായ ദമ്പതികളെ തോക്കിൻ മുനയിൽ ബന്ദികളാക്കി വീട്ടിൽ നിന്ന് രണ്ട് കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളും പണവും കവർന്നു. പ്രശാന്ത് വിഹാറിൽ എഫ് ബ്ലോക്കിലെ കെട്ടിടത്തിൽ താമസിച്ചിരുന്ന ഷിബു സിംഗിനും ഭാര്യ നിർമലയ്ക്കുമാണ് ദാരുണാവസ്ഥയുണ്ടായത്. ഷിബു സിംഗ് ശാസ്ത്ര‌ജ്ഞനായി വിരമിച്ചയാളാണ്. വെളളിയാഴ്ച ഉച്ചയോടുകൂടിയായിരുന്നു സംഭവം.

കൃത്യം നടക്കുന്ന സമയം വൃദ്ധദമ്പതികൾ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുളളൂ. കൊറിയർ നൽകാനെന്ന വ്യാജേന രണ്ട് യുവാക്കൾ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. വീടിനുളളിൽ പ്രവേശിച്ചതോടെ യുവാക്കൾ ദമ്പതികളെ തോക്ക് കാണിച്ച് ഭയപ്പെടുത്തുകയും ബന്ദികളാക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഷിബു സിംഗ് എതിർത്തപ്പോൾ പ്രതികൾ മർദ്ദിച്ചതായും കണ്ടെത്തി. പണവും ആഭരണങ്ങളും കവർന്നതോടെ പ്രതികൾ രക്ഷപ്പെടുകയായിരുന്നുവെന്ന് ഷിബു സിംഗ് മൊഴി നൽകി.

ഇതോടെ വയോധികൻ സമീപത്തായി താമസിക്കുന്ന മകനെ വിവരമറിയിക്കുകയായിരുന്നു. മകനാണ് പൊലീസിൽ വിവരമറിയിച്ചത്. സംഭവ സ്ഥലത്ത് പൊലീസ് സംഘമെത്തി തെളിവുകൾ ശേഖരിച്ചു. ദമ്പതികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കേസ് അന്വേഷിക്കുന്നതിന് ആറംഗ സംഘത്ത നിയോഗിച്ചിട്ടുണ്ടെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ കുടുംബത്തിൽ തന്നെയുളളവരുടെ പങ്കിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും അയൽവാസികളുടെയും കുടുംബാംഗങ്ങളുടെയും മൊഴി ശേഖരിച്ചിട്ടുണ്ട്.