ചേലക്കരയിൽ രമ്യ ഹരിദാസിനെ പിൻവലിക്കില്ല, പി വി അൻവറിന്റെ നിർദ്ദേശം തള്ളി യു ഡി എഫ്

Sunday 20 October 2024 7:24 PM IST

പാലക്കാട് : ചേലക്കരയിലെ സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ പിൻവലിക്കണമെന്ന പി.വി. അൻവറിന്റെ നിർദ്ദേശം തള്ളി യു,ഡി.എഫ്. അൻവർ ആവശ്യപ്പെട്ടതു പോലെ സ്ഥാനാർത്ഥികളെ പിൻവലിച്ചുള്ള സമവായ ചർച്ച വേണ്ടെന്ന് യു.ഡി.എഫ് വ്യക്തമാക്കി. പാലക്കാടും ചേലക്കരയിലും പ്രഖ്യാപിച്ച സ്ഥാനാർത്ഥികൾ തന്നെ മത്സരിക്കും. അതേസമയം അൻവറുമയി ചർച്ചകൾ തുടരുമെന്നും യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കി.

പാലക്കാട് ഡി.എം.കെ സ്ഥാനാർത്ഥിയെ പിൻവലിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് പിന്തുണ നൽകാമെന്നും പകരം ചേലക്കരയിൽ യു.ഡി.എഫ് രമ്യ ഹരിദാസിനെ പിൻവലിക്കണം എന്നുമായിരുന്നു അൻവർ ആവശ്യപ്പെട്ടത്. എന്നാൽ സ്ഥാനാർത്ഥികളിൽ​ പുനരാലോചന ഉണ്ടാവില്ലെന്നാണ് യു.ഡി.എഫ് വ്യക്തമാക്കുന്നത്. അതേസമയം അൻവർ നിരുപാധികം പിന്തുണച്ചാൽ അത് സ്വീകരിക്കാമെന്നും യു.ഡി.എഫ് അറിയിച്ചു.

പാലക്കാട്ടും ചേലക്കരയിലും അൻവർ ഡി.എം.കെ സ്ഥാനാർ‌ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. മുൻ കോൺഗ്രസ് നേതാവ് എൻ.കെ. സുധീറാണ് ചേലക്കരയിൽ നിന്ന് ഡി.എം.കെ ടിക്കറ്റിൽ ജനവിധി തേടുന്നത്. ജീവകാരുണ്യ പ്രവർത്തകനായ മിൻഹാജ് മെദാർ ആണ് പാലക്കാട്ടെ ഡി.എം.കെ സ്ഥാനാർത്ഥി. വയനാട് ലോക്‌സഭാ മണ്ഡലത്തിൽ കോണഗ്രസിന്റെ പ്രിയങ്ക ഗാന്ധിയെയാണ് അൻവറിന്റെ പാർട്ടി പിന്തുണയ്ക്കുന്നത്.