തരിശിടങ്ങളിൽ പച്ചപിടിച്ച് പച്ചത്തുരുത്ത്
കോട്ടയം: പച്ചപ്പണിഞ്ഞ ഔഷധഫല സസ്യങ്ങൾ, പറന്നു നടക്കുന്ന പൂത്തുമ്പികളും ചിത്രശലഭങ്ങളും സുന്ധം പരത്തുന്ന പൂച്ചെടികൾ... ജില്ലയിലെ പച്ചത്തുരുത്ത് പദ്ധതി പച്ചപിടിക്കുകയാണ്. തരിശിടങ്ങളിൽ പ്രാദേശിക ജൈവവൈവിദ്ധ്യ സംരക്ഷണം ലക്ഷ്യമിട്ട് സ്വാഭാവിക വനമാതൃകകൾ സൃഷ്ടിച്ച് സംരക്ഷിക്കുന്ന പച്ചത്തുരുത്ത് പദ്ധതി കുറഞ്ഞ സമയത്തിനുള്ളിൽ എല്ലാ നിയോജകമണ്ഡലങ്ങളിലുമായി 13 ഏക്കറിലേയ്ക്ക് വ്യാപിച്ചു.
പേര, റംബുട്ടാൻ, ഇലഞ്ഞി, പ്ലാവ്, രക്തചന്ദനം, ഞാവൽ, വേപ്പ്, നെല്ലി, മാവ്, മണിമരുത് തുടങ്ങിയ നിരവധി ഔഷധഫല, സസ്യങ്ങളും തണൽമരങ്ങളുമാണ് പച്ചത്തുരുത്തിന്റെ പ്രത്യേകത. പൊതുസ്ഥലങ്ങളിലുൾപ്പെടെ തരിശുഭൂമി കണ്ടെത്തി തനതായ മരങ്ങളും തദ്ദേശീയ സസ്യങ്ങളും ഉൾപ്പെടുത്തി സ്വാഭാവിക ജൈവവൈവിധ്യ തുരുത്തുകൾ സൃഷ്ടിച്ച് സംരക്ഷിക്കുകയാണ് ഹരിതകേരളം മിഷൻ നേതൃത്വം നൽകുന്ന പച്ചത്തുരുത്ത് പദ്ധതിയുടെ ലക്ഷ്യം.
148 പച്ചത്തുരുത്തുകൾ
പള്ളം ബ്ലോക്കിൽ 18 സെന്റിലാണ് മാതൃകാ പച്ചത്തുരുത്ത്. 40ലധികം തൈകൾ ഇവിടുണ്ട്. ഏറ്റുമാനൂർ സെന്റ്. മാർഗരറ്റ് യു.പി സ്‌കൂളിൽ അമ്പതോളം ചെടികൾ തളിർക്കുന്നു. മീനടം പഞ്ചായത്തിലെ സ്പിന്നിംഗ് മില്ലിൽ 30 സെന്റിൽ 45 മരങ്ങൾ തലയുയർത്തി നിൽക്കുന്നു. ളാലം പാറപ്പള്ളി ഗവൺമെന്റ് എൽ.പി സ്‌കൂളിൽ 20 സെന്റിലെ ഫലമരങ്ങൾ കിളികൾക്കും കുട്ടികൾക്കും ഒരുപോലെ സന്തോഷം നൽകുന്നു.