ഇൻഡോനേഷ്യയിൽ പ്രബോവോ സുബിയാന്തോ ചുമതലയേറ്റു
Monday 21 October 2024 5:20 AM IST
ജക്കാർത്ത: ഇൻഡോനേഷ്യയുടെ പുതിയ പ്രസിഡന്റായി പ്രബോവോ സുബിയാന്തോ (73) ഇന്നലെ ചുമതലയേറ്റു. മുൻ പ്രസിഡന്റ് ജോക്കോ വിഡോഡോയുടെ സർക്കാരിൽ പ്രതിരോധ മന്ത്രിയായിരുന്നു. ഫെബ്രുവരിയിൽ നടന്ന പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ പ്രബോവോ 58.59 ശതമാനം വോട്ട് നേടിയിരുന്നു. അഴിമതി ഇല്ലാതാക്കും, സ്കൂളുകളിൽ സൗജന്യ ഭക്ഷണം നൽകും തുടങ്ങിയ വാഗ്ദ്ധാനങ്ങളോടെയാണ് പ്രബോവോ അധികാരത്തിലെത്തിയത്.
ഗരിന്ദ്ര പാർട്ടി നേതാവായ പ്രബോവോ രാജ്യത്തെ സ്‌പെഷ്യൽ ഫോഴ്സിന്റെ മുൻ കമാൻഡറാണ്. മനുഷ്യാവകാശ ലംഘനങ്ങളടക്കം വിവിധ ആരോപണങ്ങൾ ഇദ്ദേഹം നേരിട്ടിട്ടുണ്ട്. രണ്ട് ദശാബ്ദത്തോളം യു.എസിൽ പ്രവേശന വിലക്ക് നേരിട്ടു. ജോക്കോ വിഡോഡോയുടെ മകൻ ജിബ്രാൻ റാകയെ ആണ് പ്രബോവോ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. ഇദ്ദേഹവും ഇന്നലെ ചുമതലയേറ്റു.