ക്യൂബയിൽ വീണ്ടും വൈദ്യുതി വിതരണം തകരാറിൽ

Monday 21 October 2024 5:20 AM IST

ഹവാന: പവർ ഗ്രിഡ് തകരാറിനെ തുടർന്ന് ഇരുട്ടിലായ ക്യൂബയിൽ വീണ്ടും പ്രതിസന്ധി. ശനിയാഴ്ച രാജ്യത്തിന്റെ 16 ശതമാനം പ്രദേശങ്ങളിൽ തകരാറ് പരിഹരിച്ചെങ്കിലും ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ വൈദ്യുതി വിതരണം വീണ്ടും തടസ്സപ്പെട്ടു. ഹവാനയടക്കം ക്യൂബയുടെ പടിഞ്ഞാറൻ പ്രവിശ്യകൾ ഇരുട്ടിലായി.

വൈദ്യുതി പൂർണമായും എപ്പോൾ പുനഃസ്ഥാപിക്കുമെന്ന് വ്യക്തമല്ല. വെള്ളിയാഴ്ച മുതൽ ഇത് മൂന്നാം തവണയാണ് ക്യൂബയിൽ പവർ ഗ്രിഡ് തകരാറിലായത്. നിലവിൽ കടുത്ത ഊർജ്ജ പ്രതിസന്ധിയിലൂടെ നീങ്ങുന്ന ക്യൂബയിൽ 15 മണിക്കൂറിലേറെ നീളുന്ന പവർക്കട്ടുകൾ വ്യാപകമാണ്. ഇതിനിടെ വ്യാഴാഴ്ച രാജ്യത്ത് ഊർജ്ജ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും സ്കൂളുകളും മറ്റും അടയ്ക്കുകയും ചെയ്തു.

വെള്ളിയാഴ്ച രാജ്യത്തെ ഏറ്റവും വലിയ പവർ പ്ലാന്റായ 'ആന്റണിയോ ഗ്വിറ്ററസി"ൽ സാങ്കേതിക തകരാറുണ്ടായത് രാജ്യവ്യാപകമായി വൈദ്യുതി തടസപ്പെടുത്തി. ശനിയാഴ്ച രാവിലെയും പ്രശ്നം ആവർത്തിച്ചിരുന്നു. അതേ സമയം, പവർ പ്ലാന്റിലെ പ്രശ്നങ്ങൾ ഇന്നലെ പരിഹരിച്ചെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

എന്നാൽ, ബഹമാസിൽ നിന്ന് കിഴക്കൻ ക്യൂബയെ ലക്ഷ്യമിട്ട് നീങ്ങുന്ന ഓസ്കാർ ചുഴലിക്കാറ്റ് വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളെ പ്രതികൂലമായി ബാധിച്ചേക്കും. മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിലാണ് ഓസ്കാർ ക്യൂബയോട് അടുക്കുന്നത്.