എടിഎമ്മിൽ നിറയ്‌ക്കാൻ കൊണ്ടുവന്ന പണം മുളകുപൊടി വിതറി തട്ടിയ സംഭവം, പ്രതി പരാതിക്കാരനെന്ന് പൊലീസ്

Monday 21 October 2024 9:20 AM IST

കൊയിലാണ്ടി: മുളകുപൊടി വിതറി കാറിൽ ബന്ദിയാക്കിയ ശേഷം 25 ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ പ്രതി പരാതിക്കാരൻ തന്നെയെന്ന് പൊലീസ് കണ്ടെത്തി. കോഴിക്കോട് കാട്ടിൽ പീടികയിൽ ശനിയാഴ്‌ച ഉച്ചയോടെ നടന്ന സംഭവത്തിൽ പരാതിക്കാരനായ തിക്കോടി ആവിക്കൽ റോഡ് സുഹാന മൻസിലിൽ സുഹൈൽ (25) സുഹൃത്തുക്കളോടൊപ്പം ചേർന്ന് ആസൂത്രണം ചെയ്‌ത തട്ടിപ്പാണ് മോഷണ പരാതിയെന്ന് പൊലീസ് വ്യക്തമാക്കി.

സുഹൈൽ സംഭവത്തെക്കുറിച്ച് നൽകിയ മൊഴികളിലെ പൊരുത്തമില്ലായ്‌മയാണ് കേസിൽ പ്രധാന വഴിത്തിരിവായത്. 25 ലക്ഷം രൂപ നഷ്‌ടമായെന്നാണ് സുഹൈൽ ആദ്യം പറഞ്ഞത്. അ‌ജ്ഞാതരായ രണ്ടുപേർ തന്നെ ബന്ദിയാക്കിയ ശേഷം 72.40 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ഇയാൾ പൊലീസിന് നൽകിയ പരാതിയിലുള്ളത്. എടിഎമ്മിൽ നിറയ്‌ക്കാനുള്ളതായിരുന്നു ഈ പണം.

75 ലക്ഷം രൂപ നഷ്‌ടപ്പെട്ടെന്ന് എടിഎം കമ്പനി സ്ഥിരീകരിച്ചതോടെ പൊലീസ് പ്രത്യേകം അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. റൂറൽ എസ്‌പി നിധിൻ രാജിന്റെ നേതൃത്വത്തിലായിരുന്നു സ്‌ക്വാഡ്. ശനിയാഴ്‌‌ച രാത്രിതന്നെ സുഹൈലിനെ പൊലീസ് ചോദ്യം ചെയ്‌തു. പിന്നീട് സുഹൈലിന്റെ സുഹൃത്ത് താഹയിൽ നിന്ന് 37 ലക്ഷം രൂപ പ്രത്യേക സ്‌ക്വാഡ് കണ്ടെത്തുകയും ചെയ്‌തു. സംഭവത്തിന് പിന്നാലെ കൊയിലാണ്ടി പൊലീസ് സുഹൈലിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി.

ഇന്ത്യ വൺ എ.ടി.എമ്മിൽ പണംനിറയ്‌ക്കുന്ന ഏജൻസിയിൽ ജീവനക്കാരനാണ് സുഹൈൽ. പയ്യോളി സ്വദേശിയായ മുഹമ്മദിനാണ് ഇത്തരത്തിൽ പണം നിറയ്‌ക്കാൻ കരാറുള്ളത്. കെ.എൽ 56 ഡബ്ളിയു 3723 നമ്പർ കാറിൽ കൊയിലാണ്ടിയിൽ നിന്ന് അരിക്കുളം കുരുടിമുക്ക് ഭാഗത്തേക്ക് സുഹൈൽ പോയി. അരിക്കുളം പഞ്ചായത്ത് ഓഫീസ് കഴിഞ്ഞുള്ള കയറ്റത്തിൽ വച്ച് പർദ്ദ ധരിച്ച് നടന്ന രണ്ടുപേരിൽ ഒരാൾ കാറിന്റെ ബോണറ്റിൽ വീണെന്നും കാർ നിർത്തിയപ്പോൾ രണ്ടാമത്തെയാൾ ചില്ലിനിടയിലൂടെ തന്റെ വായും മൂക്കും പൊത്തിപ്പിടിച്ചെന്നും ഇതിനിടെ മറ്റേയാൾ കാറിന്റെ പിറകിൽ കയറി പിൻസീറ്റിലേക്ക് തന്നെ വലിച്ചിട്ട് കൈകാലുകൾ കെട്ടി ദേഹമാകെ മുളകുപൊടി വിതറിയെന്നും ഇതിനിടെ ബോധരഹിതനായ സമയത്ത് ഇവർ കാറോടിച്ച് പോയി കാട്ടിലപ്പീടികയിൽ തന്നെ ഉപേക്ഷിച്ചെന്നുമായിരുന്നു സുഹൈൽ നൽകിയ പരാതിയിലുണ്ടായിരുന്നത്.