മറുകര എത്താൻ അയ്യൻ കാക്കണം
കാഞ്ഞിരപ്പള്ളി: എണ്ണിയാൽ തീരില്ല. മണ്ഡലകാലമെത്തിയാൽ ശരണപാതയിൽ തീർത്ഥാടക വാഹനങ്ങൾ നിറയും. പ്രധാന ഇടത്താവളമായ എരുമേലി തിരക്കിലമരും. മണ്ഡല-മകരവിളക്ക് തീർത്ഥാടനം ആരംഭിക്കാൻ ആഴ്ചകൾ മാത്രം അവശേഷിക്കേ തീർത്ഥാടനപാതയിലെ അപകടക്കെണികൾ ഇപ്പോഴും നീങ്ങിയിട്ടില്ല. അതിലൊന്ന് ദേശീയപാത 183 ൽ 26-ാം മൈലിലുണ്ട്. അടിത്തറയടക്കം ഇളകിയ 26-ാം മൈൽ പാലം കടന്നുവേണം തീർത്ഥാടകർക്ക് എരുമേലി പാതയിലേക്ക് പ്രവേശിക്കാൻ. കൈവരി തകർന്ന പാലത്തിൽ തീർത്ഥാടകർക്ക് കഠിനയാത്രയെന്ന് ഉറപ്പാണ്. അപകടം തുറിച്ചുനോക്കുകയാണ്. ഇടുങ്ങിയ പാലത്തിന്റെ അവസ്ഥ അതിദയനീയമാണ്.
കൈവരിക്ക് പകരം പ്ലാസ്റ്റിക്ക് പൈപ്പ്
ദേശീയപാത 183 ൽ 26-ാം മൈലിൽ നിന്നാണ് എരുമേലിയിലേക്കുള്ള പാത തുടങ്ങുന്നത്. 26-ാം മൈൽ പാലം കടന്നാണ് എരുമേലി പാതയിലേക്ക് പ്രവേശിക്കുന്നത്. വർഷങ്ങളായി പാലത്തിന്റെ അടിത്തറയ്ക്ക് ബലക്ഷയമുണ്ട്. പ്ലാസ്റ്റിക് പൈപ്പ് കൊണ്ടാണ് താത്ക്കാലിക കൈവരി നിർമ്മിച്ചിരിക്കുന്നത്.
ഓരോ വെള്ളപ്പൊക്കത്തിലും പാലത്തിന്റെ ഓരോ ഭാഗങ്ങൾ നശിക്കുകയാണ്. കാഞ്ഞിരപ്പള്ളി-പൂഞ്ഞാർ മണ്ഡലങ്ങളുടെ അതിർത്തി പങ്കിടുന്ന പാലമാണ് 26-ാം മൈൽ പാലം.അതുകൊണ്ടുതന്നെ രണ്ട് എം.എൽ.എമാർക്കും ഇതിൽ ഉത്തരവാദിത്വമുണ്ട്.
അറ്റകുറ്റപ്പണി മുടങ്ങി
എല്ലാ വർഷവും തീർത്ഥാടനമടുക്കുമ്പോൾ പാലത്തിന്റെ അറ്റകുറ്റപ്പണികൾ ചെയ്യാറുണ്ട്. ഈ വർഷം അതും ഉണ്ടായില്ല. പാലം ഇടിഞ്ഞുതാഴ്ന്ന ഭാഗങ്ങൾ താത്ക്കാലികമായി നന്നാക്കിയെങ്കിലും വീണ്ടും അവിടം താഴ്ന്നുതുടങ്ങി.
1, കിഴക്കൻമേഖലയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും വരുന്ന ഭക്തർ കടന്നുവരുന്ന പാലം
2, പുതിയ പാലം പണിയുമെന്ന് ആവർത്തിച്ച് എം.എൽ.എ ഉൾപ്പെടെയുള്ല ജനപ്രതിനിധികൾ
3, അപകടവാവസ്ഥയിലായ പാലത്തിലൂടെ കടന്നുപോകുന്നത് നൂറുകണക്കിന് വാഹനങ്ങൾ
പാലം നിർമ്മാണത്തിനുള്ള തുക നേരത്തെ അനുവദിച്ചതാണ്. വീതികൂട്ടി പുതിയ പാലം നിർമ്മിക്കുന്നതിന് ഇരുവശവുമുള്ള ഭൂമി ഏറ്റെടുക്കണം. റവന്യു വകുപ്പാണ് ഭൂമി ഏറ്റെടുത്ത് നൽകേണ്ടത്.അതിനുള്ള നടപടികൾ പുരോഗമിക്കുന്നു.
അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ,എം.എൽ.എ