യുവാവ് ജീവനാെടുക്കി; എക്സൈസിനെതിരെ പരാതിയുമായി ബന്ധുക്കൾ
അടൂർ : എക്സൈസുകാർ വീട്ടിൽ അന്വേഷിച്ച് എത്തിയതിനെ തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പരാതിയുമായി ബന്ധുക്കൾ. അടൂർ പഴകുളം ചാല വിഷ്ണുഭവനിൽ ചന്ദ്രന്റെയും ഉഷയുടെയും മകൻ വിഷ്ണു (27) ആണ് മരിച്ചത്. വിഷ്ണുവിന്റെ അമ്മാവൻ സുരേഷാണ് പരാതിക്കാരൻ. എക്സൈസ് സംഘം വിഷ്ണുവിനെ മർദ്ദിച്ചതായും സുരേഷ് ആരോപിക്കുന്നു. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്കാണ് വിഷ്ണുവിനെ വീട്ടിലെ മുറിയിൽ ഫാനിന്റെ ഹൂക്കിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് തലേ ദിവസമാണ് അടൂർ പറക്കോട് നിന്നുള്ള എക്സൈസ് സംഘം വിഷ്ണുവിന്റെ വീട്ടിൽ എത്തിയത്. ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. വിഷ്ണു ഇരുചക്രവാഹനത്തിൽ കഞ്ചാവ് വാങ്ങിച്ചു കൊണ്ടുവരുന്നത് കണ്ടു എന്നാരോപിച്ചായിരുന്നു എക്സൈസ് സംഘം എത്തിയതെന്ന് സുരേഷ് പറഞ്ഞു. സംഭവത്തെ തുടർന്ന് വിഷ്ണു വീടിനു പുറത്തിറങ്ങിയിരുന്നില്ല. വലിയ മാനസിക പ്രയാസത്തിലായിരുന്നു വിഷ്ണുവെന്നും ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നതായും വിഷ്ണുവിന്റെ അമ്മയുടെ സഹോദരിയും വ്യക്തമാക്കി. യുവാവ് മരിച്ച സംഭവത്തിൽ ആക്ഷേപം ഉയർന്നതിനാൽ എക്സൈസ് അസി.കമ്മിഷ്ണറോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി എക്സൈസ് ഡെപ്യൂട്ടീ കമ്മിഷണർ റോബർട്ട് വ്യക്തമാക്കി.
യുവാവിനെ എക്സൈസ് സംഘം മർദ്ദിച്ചുവെന്ന് പറയുന്നത് കളവാണ്. വിഷ്ണു കേസിൽ പ്രതിയല്ലാത്തതിനാൽ സംസാരിച്ച് മടങ്ങുകയായിരുന്നു. ഇത് അയൽവാസികളെ ബോദ്ധ്യപ്പെടുത്തിയിരുന്നു.
അരുൺ അശോക്,
അടൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ
ആത്മഹത്യ ചെയ്ത വിഷ്ണുവിന്റെ മരണത്തിൽ പ്രാഥമിക പരിശോധനയിൽ സംശയങ്ങൾ ഒന്നുമില്ല. കൂടുതൽ വിരങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മൃതദേഹപരിശോധനയ്ക്ക് ശേഷമേ പറയാൻ സാധിക്കൂ.
ശ്യാം മുരളി, അടൂർ എസ്.എച്ച്.ഒ