'വലിയ കുടുംബത്തിലെ കോഴിയായിരിക്കും...': രണ്ട് പുഴുങ്ങിയ മുട്ടകൾക്ക് ഹോട്ടൽ വാങ്ങിയത് 1700 രൂപ!

Sunday 11 August 2019 9:02 PM IST

മുംബൈ: ഹോട്ടലിൽ നിന്നും രണ്ട് പുഴുങ്ങിയ മുട്ട കഴിച്ച എഴുത്തുകാരന് കൊടുക്കേണ്ടി വന്നത് 1700 രൂപ! മുംബയിലെ 'ഫോർ സീസൺസ്' എന്ന ഹോട്ടലിൽ നിന്നുമാണ് 'ആൾ ദ ക്വീൻസ് മെൻ' എന്ന പുസ്തകത്തിന്റെ രചയിതാവായ കാർത്തിക് ദറിന് ഈ അനുഭവമുണ്ടായത്. തനിക്ക് ലഭിച്ച ബില്ലിന്റെ ചിത്രമടക്കം കാർത്തിക് ട്വിറ്ററിൽ പോസ്റ്റിട്ടതോടെയാണ് സംഭവം ജനശ്രദ്ധ നേടുന്നത്.

'നമ്മുക്ക് ഇതിനെതിരെ പ്രതികരിക്കേണ്ട സോദരരേ?' എന്ന കുറിപ്പോടെയാണ് കാർത്തിക് ട്വീറ്റ് ചെയ്തിരിക്കുന്നത്. രണ്ട് ഓംലെറ്റിനും ഇതേ ചാർജ് തന്നെയാണ് ഹോട്ടൽ ഈടാക്കിയതെന്ന് കാർത്തിക്കിന് ലഭിച്ച ബില്ലിൽ കാണാം. ഹോട്ടൽ ഈ വിഷയത്തിൽ ഇനിയും പ്രതികരിച്ചിട്ടില്ല. കാർത്തിക്കിന്റെ ട്വീറ്റിനോട് വൻ രോഷത്തോടെയാണ് സോഷ്യൽ മീഡിയ പ്രതികരിച്ചിരിക്കുന്നത്. എന്നാൽ ഇക്കൂട്ടത്തിൽ രസകരമായ കമന്റുകളും ഉണ്ട്. 'വലിയ കുടുംബത്തിലെ കോഴി ആയിരിക്കും മുട്ടയിട്ടത്..' എന്ന് ഒരു ട്വിറ്റർ യൂസർ പ്രതികരിച്ചപ്പോൾ, മറ്റൊരാൾ ചോദിക്കുന്നത് ഇതെന്താ സ്വർണമുട്ടയാണോ?' എന്നാണ്.

ഇതിന് മുൻപ് ബോളിവുഡ് നടനായ രാഹുൽ ബോസിനും ചണ്ഡിഗറിലെ ജെ.ഡബ്‌ള്യു മാരിയട്ട് ഹോട്ടലിൽ നിന്നും സമാനമായ ഒരനുഭവം ഉണ്ടായിരുന്നു. അന്ന്, രണ്ട് റോബസ്റ്റ പഴം കഴിച്ചതിന് 442 രൂപയാണ് രാഹുലിലിൽ നിന്നും ഹോട്ടൽ വാങ്ങിയത്. ഹോട്ടലിന്റെ ഈ പ്രവർത്തിക്കെതിരെ ചണ്ഡിഗർ എക്‌സൈസ്, നികുതി വകുപ്പ് ഹോട്ടലിന് പിഴ ചുമത്തിയിരുന്നു. 25000 രൂപയാണ് നികുതി വകുപ്പ് ഹോട്ടലിന് പിഴ ചുമത്തിയത്.