വി.സിമാരില്ലാത്ത കേരളം

Thursday 24 October 2024 2:28 AM IST

കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബായി മാറ്റുമെന്നാണ് കുറേക്കാലമായി സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനം. ഉന്നത വിദ്യാഭ്യാസത്തിനായി ഇവിടത്തെ കുട്ടികൾക്ക് വിദേശ രാജ്യങ്ങളിലേക്ക് പോകേണ്ടിവരില്ലെന്നാണ് ഉന്നത വിദ്യാഭ്യാസമന്ത്രി ഉൾപ്പെടെയുള്ളവരുടെ അവകാശവാദം. എന്നാൽ നാഥനില്ലാത്ത ഇവിടത്തെ സർവകലാശാലകൾ മുന്നോട്ടുവയ്ക്കുന്ന അരാജകത്വത്തിന്റെ യഥാർത്ഥ ചിത്രം ഉത്തരവാദപ്പെട്ടവർ കാണാത്തത് എന്തുകൊണ്ടാണ്?​ ഗവർണറും സർക്കാരും തമ്മിൽ ഇപ്പോഴും തുടരുന്ന പോരിൽ ഏറ്റവുമധികം ചേതമുണ്ടാകുന്നത് ഇവിടത്തെ സർവകലാശാലകൾക്കാണ്. വി.സി നിയമനാധികാരത്തെച്ചൊല്ലി ആരംഭിച്ച കടിപിടി വർഷങ്ങൾക്കുശേഷവും തുടരുകയാണ്. ഇരുപക്ഷവും ഒരിഞ്ചുപോലും വിട്ടുകൊടുക്കുകയില്ലെന്ന വാശിയിലാണ്. കാലാവധി കഴിഞ്ഞ വി.സിമാർക്കു പകരം ആളെ കണ്ടെത്താൻ കഴിയുന്നില്ല. സെർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള അധികാരം ആർക്കെന്ന പ്രശ്നത്തിൽ ഗവർണറും സർക്കാരും ഇതുവരെ യോജിപ്പിലെത്തിയിട്ടില്ല. പ്രശ്നം കോടതി കയറിയിട്ടുപോലും പരിഹാരമാവുന്നില്ല. ഫലത്തിൽ ഇൻചാർജ് ഭരണത്തിലാണ് നമ്മുടെ സർവകലാശാലകൾ.

പതിനാലാമത്തെ സർവകലാശാലയ്ക്കും ഇന്നത്തോടെ നാഥനില്ലാതാവുകയാണ്. രാജ്യത്ത് ഇത്രയേറെ സർവകലാശാലകൾ വി.സിമാരില്ലാതെ പ്രവർത്തിക്കുന്നത് ഒരുപക്ഷേ കേരളത്തിൽ മാത്രമാകും. ഇക്കണക്കിനു പോയാൽ സർവകലാശാലകൾക്ക് വി.സി എന്തിനെന്ന പുതിയൊരു ന്യായവും നയവും സ്വീകരിക്കാനും മടിച്ചുകൂടെന്നില്ല! സംസ്ഥാനത്തെ ആദ്യ സർവകലാശാലയായ കേരള സർവകലാശാലയ്ക്ക് വി.സി ഉണ്ട്. അദ്ദേഹവും ഈ മാസാവസാനത്തോടെ കസേര ഒഴിയുകയാണ്. നിലവിൽ ആരോഗ്യ സർവകലാശാലയ്ക്കു മാത്രമാണ് സ്ഥിരം വി.സി ഉള്ളത്. സീനിയർ പ്രൊഫസർമാർക്ക് വി.സിയുടെ താത്കാലിക ചുമതല നൽകി സർവകലാശാലാ ഭരണം മുന്നോട്ടുകൊണ്ടുപോവുകയാണ് ഇപ്പോൾ. സ്ഥിരം വി.സിമാരെ നിയമിക്കണമെങ്കിൽ അതിനുള്ള നിയമപരമായ നടപടികൾ പൂർത്തിയാക്കണം. അതിനാകട്ടെ,​ ഗവർണറും സർക്കാരും തമ്മിൽ രമ്യതയിലെത്തണം. ഇപ്പോഴത്തെ സാഹചര്യത്തിൽ അതിന് ഒരു സാദ്ധ്യതയും കാണുന്നുമില്ല.

സർവകലാശാലകൾ സമ്പൂർണമായും രാഷ്ട്രീയക്കാരുടെ പിടിയിലമർന്നതോടെ തലപ്പത്ത് വി.സിമാരില്ലാത്തതാണ് തങ്ങളുടെ താത്‌പര്യങ്ങൾക്ക് അനുഗുണമെന്ന് സർവകലാശാലാ ഭരണസമിതികൾ കരുതുന്നുണ്ട്. അതിന്റെ എല്ലാ പോരായ്‌മകളും വേണ്ടാതീനങ്ങളും സർവകലാശാലാ ഭരണത്തിൽ പ്രകടവുമാണ്. ഇതിനിടയിൽ അക്കാഡമിക് രംഗത്തു സംഭവിക്കുന്ന കോട്ടങ്ങൾ ഏവരും കണ്ടില്ലെന്നു നടിക്കുന്നു. കൊട്ടിഘോഷിച്ച് ഈ വർഷം നടപ്പാക്കിയ നാലുവർഷ ബിരുദ കോഴ്‌സുകൾ സംബന്ധിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ധാരണയുണ്ടാക്കാനായിട്ടില്ല. ആധുനിക കാലത്തിനിണങ്ങുന്ന കോഴ്സുകൾ കൊണ്ടുവരുന്നതിലും കോളേജുകൾക്ക് മാർഗനിർദ്ദേശം നൽകാനാവുന്നില്ല. ഗവർണർ- സർക്കാർ പോരിനിടയിലും ഇഷ്ടക്കാരെ വി.സിമാരായി ഏതുവിധേനയും നിയമിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.

നിയമനത്തിൽ ക്രമക്കേടു കണ്ടെത്തിയ സാങ്കേതിക സർവകലാശാലാ വി.സി സ്ഥാനത്തു നിന്ന് സുപ്രീംകോടതി പുറത്താക്കിയ വ്യക്തിയെ ഡിജിറ്റൽ വി.സിയായി നിയമിക്കാനുള്ള നീക്കം നടക്കുകയാണ്. ഗവർണർക്ക് ഇതുസംബന്ധിച്ച് ശുപാർശ നൽകിക്കഴിഞ്ഞു. ഗവർണർ - സർക്കാർ പോരിനു തുടക്കമിട്ട കെ.ടി.യു വൈസ് ചാൻസലർ സിസ തോമസിന് ഇതുവരെ പെൻഷൻ ആനുകൂല്യങ്ങൾ നൽകാതെ സർക്കാർ പ്രതികാരം തീർക്കുന്ന മ്ളേച്ഛ നടപടിയും കാണാതെ പോകരുത്. പുതിയ പുതിയ ആരോപണങ്ങൾ അവർക്കെതിരെ കൊണ്ടുവന്ന് ശ്വാസംമുട്ടിക്കുകയാണ്. ഭരണകൂടം ഒരു വ്യക്തിയായി സ്വയം ചുരുങ്ങുന്ന ലജ്ജാകരമായ കാഴ്ചയാണിവിടെ കാണാനാവുന്നത്. കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാൻ കഴിഞ്ഞില്ലെങ്കിലും സർവകലാശാലകൾക്കെല്ലാം വി.സിമാരുണ്ടായിക്കാണാൻ എല്ലാവർക്കും ആഗ്രഹമുണ്ട്. ഇപ്പോഴത്തെ ഗവർണർ സ്ഥാനമൊഴിഞ്ഞാലേ അതിനു സാദ്ധ്യതയുള്ളൂ എന്നാണു തോന്നുന്നത്.