കോടതി നടപടികൾ കണ്ടറിഞ്ഞ് കുട്ടിക്കൂട്ടം
ഈരാറ്റുപേട്ട: കോടതികളും കോടതി നടപടികളും നേരിൽ കണ്ട വിദ്യാർത്ഥികൾ ആകാംക്ഷയിലും അമ്പരപ്പിലുമായി. കോടതി മുറിക്കുള്ളിലെ ചൂടേറിയ വാദ പ്രതിവാദങ്ങൾക്ക് സാക്ഷ്യം വഹിക്കുക കൂടി ചെയ്തപ്പോൾ കുട്ടികൾക്ക് അതൊരു വ്യത്യസ്ത അനുഭവം കൂടിയായി. കോടതികളെയും കോടതി നടപടികളെയും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്ന സംവാദ എന്ന പരിപാടിയുടെ ഭാഗമായി ഈരാറ്റുപേട്ട ഹയാതുദ്ദീൻ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിലെ 33 വിദ്യാർത്ഥികൾ പാലായിലെ വിവിധ കോടതികൾ സന്ദർശിക്കുകയായിരുന്നു. ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെയും മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെയും നേതൃത്വത്തിലാണ് സംവാദ പരിപാടി നടന്നത്.
പാലാ കോടതി സമുച്ചയത്തിൽ നടന്ന പരിപാടി കുടുംബക്കോടതി ജഡ്ജി അയ്യൂബ് ഖാൻ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ ജഡ്ജിയുമായി സംവദിച്ചു. വിദ്യാർത്ഥികൾക്ക് ബാഡ്ജുകളും നിയമ പഠന പുസ്തകങ്ങളും വിതരണം ചെയ്തു. അഡ്വ.സുമൻ സുന്ദർ രാജ്, വി. എം.അബ്ദുള്ള ഖാൻ, ഐറിൻ മാത്യു, ഡെൽന റോസ് എന്നിവർ പ്രസംഗിച്ചു.