എൻ ഡി എ സ്ഥാനാർത്ഥി നവ്യാ ഹരിദാസ് പത്രിക സമർപ്പിച്ചു; കെട്ടിവയ്ക്കാനുള്ള പണം നൽകിയത് ഊരുമൂപ്പൻ
കൽപറ്റ: എൻ.ഡി.എ വയനാട് ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി നവ്യാ ഹരിദാസ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വരണാധികാരിയായ ജില്ലാ കലക്ടർ മേഘശ്രീക്ക് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. കൽപ്പറ്റ എടഗുനി കോളനിയിലെ ഊരു മൂപ്പനായ പൊലയൻ മൂപ്പൻ ആണ് സ്ഥാനാർത്ഥിക്ക് കെട്ടിവയ്ക്കാനുള്ള പണം നൽകിയത്. ബി.ജെ.പി.മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ, സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്, ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ, സംസ്ഥാന സമിതി അംഗം സജി ശങ്കർ, പി.സദാനന്ദൻ, ബി.ഡി.ജെ.എസ് ജില്ല പ്രസിഡന്റ് മോഹനൻ സന്തോഷ് കാളിയത്ത്, കെ.സദാനന്ദൻ, ശാന്തകുമാരി, മഹിളാ മോർച്ച നേതാക്കളായ സിനി മനോജ്, ഷൈമ പൊന്നത്ത്, ശ്രീവിദ്യാരാജേഷ്, സി.സത്യ ലക്ഷ്മി, , രമാ വിജയൻ, ദീപ പുഴക്കൽ തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.
പിണറായി വിജയന്റെയും വിഡി സതീശന്റെയും വാട്ടർലൂ ആയിരിക്കും ഈ ഉപതിരഞ്ഞെടുപ്പെന്ന് കെ.സുരേന്ദ്രൻ ഉപതിരഞ്ഞെടുപ്പുകൾ എത്തിയപ്പോൾ എൽഡിഎഫിനും യുഡിഎഫിനും ആത്മവിശ്വാസം നഷ്ടപ്പെട്ടുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. ഒരൊറ്റ മുന്നണിയായി എൽഡിഎഫും യുഡിഎഫും മാറി. പാലക്കാട് ഇപ്പോൾ ഇൻഡി മുന്നണി യാഥാർത്ഥ്യമായിരിക്കുകയാണ്. പ്രിയങ്ക ഗാന്ധി നാമനിർദ്ദേശ പത്രിക കൊടുക്കുന്നത് വാതിൽ പഴുതിലൂടെയാണ് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുന ഖാർഗെ കണ്ടത്. കളക്ടറുടെ മുന്നിൽ ഇരിക്കുന്നത് പ്രിയങ്കയും ഭർത്താവും മകനുമാണ്. കോൺഗ്രസിന്റെ കുടുംബാധിപത്യമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് സുരേന്ദ്രൻ ആരോപിച്ചു.
ഗാന്ധി പരിവാറിലെ പിൻഗാമികൾ തിരഞ്ഞെടുക്കുന്ന മണ്ഡലം ഇനി ലക്ഷദ്വീപായിരിക്കും. അവിടെ പൂർണമായും ഒരു വിഭാഗമാണുള്ളത്. സിപിഎം കോൺഗ്രസ് നേതാക്കൾ മതേതര വോട്ട് എന്ന് പറയുന്നത് ഒരു വിഭാഗത്തിന്റെ മാത്രം വോട്ടാണ്. ഹിന്ദുക്കളുടേയും ക്രിസ്ത്യാനികളുടേയും വോട്ട് മതേതരമല്ലേ? എകെ ബാലൻ പറഞ്ഞത് ഇ.ശ്രീധരനെ തോൽപ്പിക്കാൻ മതേതര വോട്ടുകൾ യുഡിഎഫിലേക്ക് പോയെന്നാണ്. അപ്പോൾ ഇടതുപക്ഷത്തിന് കിട്ടിയത് മതേതരവോട്ടല്ലേയെന്ന് സുരേന്ദ്രൻ ചോദിച്ചു.
യുഡിഎഫും ഇത് തന്നെയാണ് ചെയ്യുന്നത്. വഖഫ് ബോർഡിന്റെ അധിനിവേശത്തിന് അനുകൂലമായി നിയമസഭയിൽ പ്രമേയം പാസാക്കിയവരാണ് എൽഡിഎഫും യുഡിഎഫും. ഇതിനെതിരെ ശബ്ദിക്കാൻ നിയമസഭയിൽ എൻഡിഎ പ്രതിനിധികൾ എത്തേണ്ടത് ആവശ്യമാണ്. ഉപതിരഞ്ഞെടുപ്പിൽ സംസ്ഥാനത്തിന്റെ അടിസ്ഥാന പ്രശ്നങ്ങൾ പ്രതിപക്ഷ നേതാവ് ഉയർത്തുന്നില്ല. തൊഴിലില്ലായ്മയോ അഴിമതിയോ വയനാടിന്റെ പുനരധിവാസമോ ചർച്ച ചെയ്യുന്നില്ല. വയനാട് പുനരധിവാസത്തിലെ സർക്കാർ പരാജയം പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിക്കാത്തതെന്താണ്? 786 കോടി അനുവദിച്ച കേന്ദ്രത്തിനെ കുറ്റം പറയാതെ സംസ്ഥാനത്തിന്റെ അലംഭാവം പറയുകയാണ് പ്രതിപക്ഷ നേതാവ് ചെയ്യേണ്ടത്. ദുരന്തബാധിതർക്ക് വീടുകൾ സ്‌പോൺസർ ചെയ്തവരെ സർക്കാർ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. മൂന്ന് മാസം മുമ്പ് സർവ്വകക്ഷി യോഗത്തിൽ പറഞ്ഞതിന് നേരെ വിപരീതമാണിത്. എന്നാൽ പ്രിയങ്കയോ രാഹുലോ ഇതിനെ പറ്റി സംസാരിക്കുന്നില്ല. കേന്ദ്രസർക്കാരിന് വിശദമായ മെമ്മോറാണ്ടം സമർപ്പിക്കാൻ പോലും സർക്കാർ തയ്യാറായില്ല. പ്രതിപക്ഷ നേതാവ് ഇതൊന്നും കണ്ടതായി ഭാവിക്കുന്നില്ല. പിപി ദിവ്യയുടെ കാര്യം മൂന്ന് ദിവസമായി പ്രതിപക്ഷ നേതാവ് മിണ്ടുന്നില്ല. ഇതെല്ലാം ഒത്തുതീർപ്പ് രാഷ്ടീയത്തിന്റെ ഭാഗമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.