സൗന്ദര്യമത്സരത്തിൽ വസ്ത്രത്തിന്റെ നീളം കുറഞ്ഞു, പാകിസ്ഥാനിൽ മോഡലിനുനേരെ കൊലവിളി

Thursday 24 October 2024 3:20 PM IST

കറാച്ചി: സൗന്ദര്യമത്സരത്തിനിടെ ബിക്കിനി ധരിച്ച് റാംപിൽ നടന്ന പാക് മോഡലിനെതിരെ രൂക്ഷ വിമർശനവും ഭീഷണിയും. ലോകപ്രസ്തമായ പല ബ്രാൻഡുകളുടെയും മോഡലായി പ്രത്യക്ഷപ്പെട്ടിട്ടുള്ള റോമ മൈക്കിളാണ് സദാചാര, മതമൗലികവാദികളുടെ കൊലവിളിക്ക് ഇരയായത്. 'മിസ് ഗ്രാൻഡ് ഇന്റർനാഷണൽ 2024' മത്സരത്തിൽ പങ്കെടുക്കുന്നതിനിടെ മത്സരത്തിന്റെ ഭാഗമായിട്ടായിരുന്നു വിവാദ നടത്തം.

ഇതിന്റെ ചിത്രങ്ങളും വീഡിയോകളും റോമ സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്തതാണ് പ്രശ്നമായത്. വളരെവേഗം വൈറലായ ചിത്രങ്ങൾക്കെതിരെയുണ്ടായ വിമർശനങ്ങൾ ആദ്യം കാര്യമാക്കിയില്ലെങ്കിലും വിമർശനത്തിന്റെ രൂപവും ഭാവവും മാറിയതോടെ ചിത്രങ്ങൾ ഡിലീറ്റ് ചെയ്യുകയായിരുന്നു. എന്നിട്ടും കാര്യമായ പ്രയോജനം ഉണ്ടായില്ല. ഫോട്ടോകൾ ഡൗൺലോഡുചെയ്ത ചിലർ അത് വീണ്ടും സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചതോടെ ഭീഷണി വീണ്ടും കടുത്തു.

ആധുനിക യുഗത്തിലും പാകിസ്ഥാനിൽ സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് നിലനിൽക്കുന്ന വികലമായ ചിന്താഗതിയാണ് ഇതിലൂടെ വെളിപ്പെടുന്നതെന്നാണ് കൂടുതൽപ്പേരും പറയുന്നത്. വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നത് ഓരോരുത്തരുടെയും ഇഷ്ടമാണെന്നും ഒരു പൊളിച്ചെഴുത്തിന് സമയമായെന്നും അവർ അഭിപ്രായപ്പെടുന്നു. ഇതോടെ പാകിസ്ഥാനിലെസ്ത്രീകൾ നേരിടുന്ന അരക്ഷിതാവസ്ഥ ചൂടേറിയ ചർച്ചയായി മാറിയിരിക്കുകയാണ്.

സോഷ്യൽ മീഡിയിയൽ വൻ ആരാധകരുള്ള മോഡലായ റോമ ബിടെക് ബിരുദധാരിയാണ്. സൗത്ത് ഏഷ്യ യൂണിവേഴ്സിറ്റിയിൽ നിന്നാണ് റോമ ബിരുദം നേടിയത്. പ്രൊഫഷണൽ മോഡൽ എന്നതിനൊപ്പം ചലച്ചിത്ര താരം കൂടിയാണ് റോമ. നിരവധി സീരിയലുകളിലും രണ്ട് സിനിമയിലും അവർ അഭിനയിച്ചിട്ടുണ്ട്. കാൻ ഫാഷൻ വീക്ക്, ദുബായ് ഫാഷൻ ഷോ എന്നിവയുൾപ്പെടെ നിരവധി അന്താരാഷ്ട്രവേദികളിൽ പാകിസ്ഥാനെ പ്രതിനിധീകരിച്ച് എത്തിയിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം റോമയ്ക്ക് 77,000 ഫാേളേവേഴ്‌സാണുള്ളത്.