ജയിലർ 2 രജനികാന്തിനൊപ്പം ധനുഷും

Friday 25 October 2024 2:16 AM IST

സൂപ്പർസ്റ്റാർ രജനികാന്തും ധനുഷും ഇതാദ്യമായി ഒരുമിക്കുന്നു. രജനികാന്തിന്റെ ബ്ളോക് ബസ്റ്റർ ചിത്രമായ ജയിലറിന്റെ രണ്ടാം ഭാഗമായ ജയിലർ 2വിൽ ഇരുവരും ഒരുമിക്കാനാണ് തീരുമാനം . നിർണായകയായ ഒരു കഥാപാത്രത്തെയാണ് ധനുഷിന് വേണ്ടി സംവിധായകൻ നെൽസൻ ഒരുക്കുന്നത്. രജനികാന്തും ധനുഷും ഒരുമിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. പിതൃ- പുത്ര വാത്സല്യം നിറഞ്ഞ കഥാപാത്രങ്ങളെയായിരിക്കും രജനിയും ധനുഷും അവതരിപ്പിക്കുന്നതെന്നാണ് വിവരം. 18 വർഷത്തെ ദാമ്പത്യജീവിതത്തിൽ മാതൃകാ ദമ്പതികളായി തമിഴ് സിനിമാലോകം കണ്ട ധനുഷും രജനികാന്തിന്റെ മൂത്ത മകൾ ഐശ്വര്യയും ഇനി വേർപിരിയില്ല എന്നുകൂടി ഇപ്പോൾ ഉറപ്പിക്കുകയാണ് ആരാധക ലോകം. 2022 ജനുവരിയിൽ ധനുഷും എെശ്വര്യയും സമൂഹമാധ്യമങ്ങളിലൂടെയാണ് തങ്ങളുടെ വിവാഹബന്ധം അവസാനിപ്പിക്കുന്ന വിവരം അറിയിക്കുന്നത്. രണ്ടുവർഷമായി വേർപിരിഞ്ഞ് ഇരുവരും താമസിക്കുകയാണെങ്കിലും അടുത്തിടെ ചെന്നൈ കുടുംബ കോടതിയിൽ നടന്ന സിറ്റിംഗിൽ നിന്ന് ധനുഷും എെശ്വര്യയും വിട്ടുനിന്നിരുന്നു. ഇത് ഇരുവരും വേർപിരിയില്ലെന്ന സൂചന നൽകുന്നുവെന്ന് വിലയിരുത്തുന്നവർ ഏറെയാണ്. ഇതിനിടെയാണ് ജയിലർ 2 എന്ന ചിത്രത്തിലൂടെ രജനികാന്തും ധനുഷും ഒരുമിക്കുന്നത്. കേരളത്തിലെ പ്രദർശനശാലകളിലും അത്ഭുതങ്ങൾ സൃഷ്ടിച്ച ജയിലറിലൂടെ മോഹൻലാലും രജനികാന്തും ആദ്യമായി ഒന്നിച്ചു എന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു . മോഹൻലാൽ അതിഥി വേഷമാണ് അവതരിപ്പിച്ചത്. മോഹൻലാലും കന്നട സൂപ്പർ സ്റ്റാർ ശിവരാജ് കുമാറും ജയിലർ 2വിൽ ഉണ്ടാകുമോയെന്ന് അറിവായിട്ടില്ല.

രമ്യകൃഷ്ണൻ, വിനായകൻ, യോഗി ബാബു എന്നിവരായിരുന്നു ജയിലറിലെ മറ്റു അഭിനേതാക്കൾ. ബീസ്റ്റിനുശേഷം നെൽസൺ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം സൺ പിക്ചേഴ്സാണ് നിർമ്മിച്ചത്.

സ്റ്റണ്ടി ശിവയാണ് ആക്ഷൻ കൊറിയോഗ്രാഫർ. അനിരുദ്ധ് രവിചന്ദർ സംഗീതം പകർന്നു. വിജയ് കാർത്തിക് കണ്ണനാണ് ഛായാഗ്രഹണം നിർവഹിച്ചത്.അതേസമയം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി പൂർത്തിയിക്കിയശേഷം ജയിലർ 2 വിൽ അഭിനയിക്കാനാണ് രജനികാന്തിന്റെ തീരുമാനം.