ഹൈദരാബാദിലേക്കും ചെന്നൈയിലേക്കും പുതിയ പാത, റെയില്‍വേ മുടക്കുന്നത് 6798 കോടി

Thursday 24 October 2024 8:32 PM IST

ന്യൂഡല്‍ഹി: കേന്ദ്ര ബഡ്ജറ്റില്‍ വന്‍ വിഹിതം നല്‍കിയതിന് പിന്നാലെ റെയില്‍വേ മേഖലയിലും ആന്ധ്രയ്ക്കും ബിഹാറിനും വാരിക്കോരി നല്‍കി കേന്ദ്ര സര്‍ക്കാര്‍. റെയില്‍വേയുടെ അടിസ്ഥാനസൗകര്യം വികസിപ്പിക്കുന്നതിനും പുതിയ പാതകള്‍ നിര്‍മിക്കുന്നതിനും വേണ്ടി 6798 കോടി രൂപയാണ് രണ്ട് സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്നത്. 2245 കോടി രൂപ ആന്ധ്രപ്രദേശിനും 4533 കോടി രൂപ ബിഹാറിനും അനുവദിച്ചിട്ടുണ്ട്.

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് അത്യാവശ്യ പദ്ധതികള്‍ക്ക് പോലും തുക അനുവദിക്കാന്‍ മടിക്കുമ്പോഴാണ് സഖ്യകക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് വാരിക്കോരി കോടുക്കുന്നത്. ആന്ധ്രപ്രദേശിന്റെ നിര്‍ദിഷ്ട തലസ്ഥാനമായ അമരാവതിയില്‍ നിന്ന് ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളായ ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്ക് ഉള്‍പ്പെടെ പുതിയ പാത നിര്‍മിക്കുന്നതിനാണ് പ്രധാനമായും തുക വിനിയോഗിക്കുക.

നേപ്പാളിലേക്ക് നീളുന്ന റെയില്‍ ഇടനാഴി വികസിപ്പിക്കുന്നതിന് വേണ്ടിയാണ് ബിഹാറിന് പണം അനുവദിച്ചിരിക്കുന്നത്. പുതിയ സ്റ്റേഷന്‍ നിര്‍മാണം, നിലവിലുള്ളതിന്റെ നവീകരണം തുടങ്ങിയവയ്ക്കും ഇരു സംസ്ഥാനങ്ങള്‍ക്കും പദ്ധതികളുണ്ട്. ലോക്‌സഭയില്‍ കേവല ഭൂരിപക്ഷം മറികടക്കാന്‍ ബിജെപിക്ക് ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയുടേയും നിതീഷ് കുമാറിന്റെ ജെഡിയുവിന്റേയും പിന്തുണ അത്യാവശ്യമാണ്. ഈ സാഹചര്യം മുതലാക്കിയാണ് രണ്ട് സംസ്ഥാനങ്ങളും കേന്ദ്രത്തില്‍ നിന്ന് വിവിധ പദ്ധതികള്‍ക്ക് പണം നേടിയെടുക്കുന്നത്.

പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന പല സംസ്ഥാനങ്ങളും അത്യവശ്യമായി ആവശ്യപ്പെടുന്ന പദ്ധതികള്‍ക്ക് പോലും അംഗീകാരം നല്‍കുകയോ പണം അനുവദിക്കുകയോ ചെയ്യാന്‍ മടിക്കുമ്പോഴാണ് സഖ്യകക്ഷികളുടെ സംസ്ഥാനങ്ങള്‍ക്ക് ആവശ്യം പോലെ പണം നല്‍കുന്നതെന്ന ആരോപണം ഇതിനോടകം ഉയര്‍ന്നുകഴിഞ്ഞു.