''മാറാൻ പറഞ്ഞാൽ മാറിക്കോണം, എല്ലാവരോടും പോലെ എന്നോട് സംസാരിക്കരുത്''; തട്ടിക്കയറി എൻഎൻ കൃഷ്‌ണദാസ്

Friday 25 October 2024 3:22 PM IST

പാലക്കാട്: ഏരിയാ കമ്മിറ്റി അംഗം അബ്ദുൾ ഷുക്കൂർ പാർട്ടി വിട്ടതിൽ പ്രതികരണം തേടിയ മാദ്ധ്യമപ്രവർത്തകരോട് തട്ടിക്കയറി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ. കൃഷ്ണദാസ്. ഞങ്ങടെ പാർട്ടിയിലെ കാര്യം ഞങ്ങൾ തീർത്തോളാം. മാദ്ധ്യമങ്ങളോട് ഇക്കാര്യങ്ങൾ പറയേണ്ട ആവശ്യമില്ല. നിങ്ങൾ കഴുകൻമാരെ പോലെ നടക്കുകയല്ലെയെന്ന് രോഷം കൊണ്ട കൃഷ്‌ണദാസ് മാദ്ധ്യമപ്രവർത്തകർ അവിടെ നിന്ന് മാറിപ്പോകണമെന്നും ആവശ്യപ്പെട്ടു.

എല്ലാവരോടും സംസാരിക്കുന്നത് പോലെ എന്നോട് സംസാരിക്കരുത്. മാറാൻ പറഞ്ഞാൽ മാറിക്കോളണം. കോലുംകൊണ്ട് തന്റെ മുന്നിലേക്ക് വരരുതെന്നും കൃഷ്‌ണദാസ് ആക്രോശിച്ചു. ജില്ലാ സെക്രട്ടറിക്കെതിരെ പൊട്ടിത്തെറിച്ച് ഏരിയ കമ്മിറ്റി അംഗം അബ്‌ദുൽ ഷുക്കൂർ രാവിലെ സിപിഎമ്മിൽ നിന്ന് രാജിവച്ചിരുന്നു. ഷുക്കൂറിനെ അനുനയിപ്പിക്കാൻ കൃഷ്ണദാസ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മാദ്ധ്യമങ്ങൾ പ്രതികരണം തേടിയത്.


ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും പാർട്ടിയിൽ കടുത്ത അവഗണനയാണെന്നും ആരോപിച്ചാണ് പാലക്കാട് ഏരിയാ കമ്മിറ്റി അംഗമായിരുന്ന അബ്ദുൾ ഷുക്കൂർ പാർട്ടി വിട്ടത്. പത്തുനാൽപ്പതുപേർ ഇരിക്കുന്ന ഒരു യോഗത്തിൽവച്ച് തന്നെ അവഹേളിച്ചുവെന്നും ഇങ്ങനെ സഹിച്ചു നിൽക്കാൻ ആവാത്തതിനാൽ പാർട്ടിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചുവെന്നും അബ്ദുൾ ഷുക്കൂർ വ്യക്തമാക്കി. പാലക്കാട് ഓട്ടോ ടാക്സി യൂണിയൻ ജില്ലാ ട്രഷററും മുൻ നഗരസഭ കൗൺസിലറുമാണ് ഷുക്കൂർ.