ഉപ്പ് മാത്രം മതി; സിമ്പിളായൊരു കാര്യം ചെയ്താൽ ഇസ്തിരിപ്പെട്ടിയിലെ കറകൾ അപ്രത്യക്ഷമാവും

Friday 25 October 2024 4:46 PM IST

പലരുടെയും വീട്ടിലെ ഇസ്തിരിപ്പെട്ടിയുടെ അടിഭാഗം കരിഞ്ഞ നിലയിൽ കാണാറുണ്ട്. ഇതുമൂലും ഇസ്തിരിയിടുമ്പോൾ തുണി കേടാകാനും സാദ്ധ്യതയുണ്ട്. ഈ കറ കളയാൻ അത്ര എളുപ്പമല്ലെന്നാണ് പലരും പറയുന്നത്. എന്നാൽ ഇസ്തിരിപ്പെട്ടി ക്ലീൻ ചെയ്യുന്നതിന്റെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിലും യൂട്യൂബിലുമൊക്കെ പ്രചരിക്കുന്നുണ്ട്. അതിൽ ഏറ്റവും എളുപ്പത്തിൽ ക്ലീൻ ചെയ്യുന്ന ഒരു രീതി ഉപ്പ് ഉപയോഗിച്ചിട്ടുള്ളതാണ്.


ഇസ്തിരിപ്പെട്ടി നന്നായി ചൂടാക്കുക. മിനുസമുള്ള ഒരു മരപ്പലകയെടുത്ത്. ഇതിലേക്ക് ഉപ്പ് വിതറാം. ശേഷം ഇസ്തിരിപ്പെട്ടികൊണ്ട് തേച്ചുകൊടുക്കാം. ഉപ്പിലൂടെ കുറച്ച് സമയം തേക്കുമ്പോൾ തന്നെ കറകൾ ഇളകിവരുന്നത് കാണാം.


മറ്റൊരു വഴി കൂടിയുണ്ട്. ഇസ്തിരിപ്പെട്ടിയെടുക്കുക. ചൂടാക്കുകയൊന്നും വേണ്ട. പ്ലഗ്ഗിൽ നിന്ന് മാറ്റുക. കറയുള്ള ഭാഗത്ത് ബേക്കിംഗ് സോഡ വിതറിക്കൊടുക്കാം. ശേഷം അരക്കഷ്ണം ചെറുനാരങ്ങ നീര് ചേർക്കാം. അഞ്ച് മിനിട്ടിന് ശേഷം കുറച്ച് വിനാഗിരി ഒഴിച്ചുകൊടുക്കാം. ഇനി ഒരു സ്‌ക്രബർ ഉപയോഗിച്ച് നന്നായി തുടച്ചുകൊടുക്കാം. പക്ഷേ സ്‌ക്രബർ ഉപയോഗിക്കുമ്പോൾ വര വീഴാൻ സാദ്ധ്യതയുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ കറകൾ മാറുന്നത് കാണാം. എന്നാൽ നേരത്തെ ചെയ്തതിന്റെ അത്ര എഫക്ടീവാണെന്ന് പറയാൻ സാധിക്കില്ല. അതേസമയം, ചെറുനാരങ്ങാ നീരും മറ്റും വീഴുന്നത് ഇസ്തിരിപ്പെട്ടി ചീത്തയാകാൻ സാദ്ധ്യതയുണ്ട്. അതിനാൽ ഈ രീതി പിന്തുടരുമ്പോൾ സൂക്ഷിക്കണം.